Advertisement
Kuwait

അടിയും തിരിച്ചടിയും,എന്ത് വിലകൊടുത്തും ഹോർമുസിന്റെ നിയന്ത്രണം ഉറപ്പാക്കാൻ ഇറാൻ,ആഗോളവിപണിയിൽ എണ്ണവില കുതിക്കുന്നു

Published: July 16, 2026
ദോഹ : 2026 ജൂലൈ മാസത്തിൽ യു.എസ്-ഇറാൻ യുദ്ധം വീണ്ടും കനത്തതോടെ മിഡിൽ ഈസ്റ്റിൽ അതീവ ഗുരുതരമായ സാഹചര്യം തുടരുന്നു. ഇരുവിഭാഗവും  തമ്മിൽ മുൻപുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ പൂർണ്ണമായി തകരുകയും ഇരുപക്ഷവും ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിടുകയുമാണ്.ഇതോടെ,ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ആശങ്ക പടരുകയാണ്.ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഇറാൻ ഭീഷണി ഉയർത്തുന്നു എന്ന് ആരോപിച്ചാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കൗമാൻഡ് (CENTCOM) ഇറാന് മേൽ വീണ്ടും വ്യോമാക്രമണം ശക്തമാക്കിയത്.

ഇറാന്റെ സൈനിക കമാൻഡ് സെന്ററുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ (Air defence sites), മിസൈൽ-ഡ്രോൺ താവളങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് യു.എസ് യുദ്ധവിമാനങ്ങൾ ശക്തമായ ബോംബാക്രമണം നടത്തി. ഇറാന്റെ തലസ്ഥാനമായ തെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലും സൈനിക ബാരക്കുകളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.യു.എസ് ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച 'എം.ടി ബെൽമ' (M/T Belma) എന്ന ഒഴിഞ്ഞ എണ്ണക്കപ്പലിന് നേരെ യു.എസ് സേന മിസൈൽ ആക്രമണം നടത്തി. ഒന്നിലധികം മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്ന് യു.എസ് വിമാനങ്ങൾ കപ്പലിന്റെ പുകക്കുഴലിലേക്ക് (Smokestack) മിസൈൽ തൊടുത്ത് കപ്പലിന്റെ പ്രവർത്തനം പൂർണ്ണമായി നിശ്ചലമാക്കുകയായിരുന്നു.

അതേസമയം,തങ്ങളുടെ താവളങ്ങൾ ആക്രമിച്ചതിന് മറുപടിയായി ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അയൽരാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി.കുവൈത്തിലെ 'അലി അൽ സലേം' (Ali Al Salem) എയർബേസിലുള്ള യു.എസ് സൈനികരുടെ കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളും ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ അയച്ചു. എന്നാൽ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഈ ഡ്രോണുകളെയും മിസൈലുകളെയും തകർത്തതായി കുവൈത്ത് അവകാശപ്പെട്ടു.

ജോർദനിലെ യു.എസ് സൈനിക താവളങ്ങളിലെ ആശയവിനിമയ സംവിധാനങ്ങളും ഇന്ധന സംഭരണികളും ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ച കാമികാസി (Suicide) ഡ്രോണുകൾ തകർത്തതായി ജോർദാൻ സൈന്യവും അറിയിച്ചു.തങ്ങളുടെ ആകാശപരിധി ലംഘിച്ചെത്തിയ എട്ടോളം ഇറാനിയൻ മിസൈലുകൾ വെടിവെച്ചിട്ടതായാണ് ജോർദാൻ സൈന്യം വ്യക്തമാക്കിയത്.യു.എസ് നാവികസേനയുടെ അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ (US Fifth Fleet) ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബഹ്‌റൈന് നേരെയും ഇറാൻ ആക്രമണം നടത്തി.

"ഈ മേഖലയിലെ എണ്ണ-വാതക കയറ്റുമതി ഒന്നുകിൽ എല്ലാവർക്കും ഉണ്ടാകും, അല്ലെങ്കിൽ ആർക്കും ഉണ്ടാകില്ല" എന്നാണ് ഇറാന്റെ സൈനിക വിഭാഗം വ്യക്തമാക്കിയത്. യു.എസ് ആക്രമണം നിർത്തുന്നത് വരെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുമെന്ന ഇറാന്റെ ഭീഷണി കാരണം ആഗോളതലത്തിൽ എണ്ണവില വലിയ തോതിൽ ഉയർന്നിട്ടുണ്ട്.എന്ത് വിലകൊടുത്തും ഹോർമുസ് കടലിടുക്കിൽ പരമാധികാരം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ഇറാൻ.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos