യുദ്ധം തളർത്തും, തിരിച്ചുവരവ് വൈകും; ഗൾഫ് സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഐഎംഎഫിന്റെ മുന്നറിയിപ്പ്
ഇറാനിൽ ആരംഭിച്ച യുദ്ധം മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ ഊർജസമ്പന്നമായ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. സമുദ്രമാർഗമുള്ള എണ്ണ-വാതക ഗതാഗതത്തെയും വിതരണ ശൃംഖലകളെയും സംഘർഷം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളും വർധിച്ച സുരക്ഷാ ചെലവുകളും മേഖലയിലെ സാമ്പത്തിക വീണ്ടെടുപ്പിനെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ.
“യുദ്ധത്തിന് മുമ്പുണ്ടായിരുന്ന വളർച്ചയുടെ പാതയിലേക്ക് ഇടക്കാലയളവിൽ മടങ്ങാനാവില്ല. പ്രതിസന്ധി വിവിധ മേഖലകളിൽ ദീർഘകാല ആഘാതങ്ങൾ സൃഷ്ടിക്കുകയും അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്യും. ഭാവിയിലെ പ്രതിസന്ധികളെ നേരിടാനുള്ള ശേഷി വർധിപ്പിക്കുന്നതിനും കൂടുതൽ ചെലവഴിക്കേണ്ടിവരും,” ഐഎംഎഫ് മിഡിൽ ഈസ്റ്റ്, മധ്യേഷ്യ മേഖലാ ഡയറക്ടർ ജിഹാദ് അസൂർ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാൻ യുദ്ധത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ നേരിടുന്ന മിഡിൽ ഈസ്റ്റ്, മധ്യേഷ്യ മേഖലകളിൽ 2026-ൽ 0.3 ശതമാനം സാമ്പത്തിക ചുരുക്കമുണ്ടാകുമെന്നാണ് ഐഎംഎഫിന്റെ ഏറ്റവും പുതിയ പ്രവചനം. ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് സംഘടന ഈ വിലയിരുത്തൽ നടത്തിയത്.
യുദ്ധം എത്രകാലം നീളുന്നു, ഊർജവിതരണവും സമുദ്രഗതാഗതവും എത്ര വേഗത്തിൽ സാധാരണ നിലയിലാകുന്നു, നശിച്ച അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കാൻ എത്രമാത്രം ചെലവഴിക്കേണ്ടിവരുന്നു തുടങ്ങിയ ഘടകങ്ങളാകും മേഖലയിലെ സാമ്പത്തിക വീണ്ടെടുപ്പിന്റെ വേഗം നിർണയിക്കുക. സംഘർഷം നീണ്ടുനിൽക്കുന്ന പക്ഷം ഗൾഫ് രാജ്യങ്ങളുടെ വളർച്ചയിലും വ്യാപാരത്തിലും നിക്ഷേപത്തിലും കൂടുതൽ സമ്മർദമുണ്ടാകാനിടയുണ്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക