കുവൈത്തിൽ ഹിസ്ബുല്ലയുമായി ബന്ധമുള്ള 16 പേർ അറസ്റ്റിൽ
രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുജനങ്ങളുടെ സമാധാന ജീവിതത്തിനും ഭീഷണിയാകുന്ന രീതിയിൽ വലിയ ഗൂഢാലോചനയാണ് സംഘം നടത്തിയിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഭീകരസംഘത്തിൽ നിന്ന് മാരകായുധങ്ങളും അത്യാധുനിക ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്.
തോക്കുകൾ, വെടിയുണ്ടകൾ, കൊലപാതകങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേക ആയുധങ്ങൾ, സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന എൻക്രിപ്റ്റഡ് ആശയവിനിമയ ഉപകരണങ്ങൾ (മോഴ്സ് കോഡ് ഉപകരണങ്ങൾ). പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന ഡ്രോണുകൾ, ഭീകരസംഘടനകളുടെ പതാകകൾ, നേതാക്കളുടെ ചിത്രങ്ങൾ, പ്രധാന കേന്ദ്രങ്ങളുടെ ഭൂപടങ്ങൾ, ലഹരിമരുന്നും വൻതോതിൽ പണവും പരിശീലനത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങളും എന്നിവ പിടികൂടിയവയിൽ ഉൾപ്പെടും.
പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്യലിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈ സംഘവുമായി ബന്ധമുള്ള മറ്റാരെങ്കിലും രാജ്യത്തുണ്ടോ എന്നറിയാൻ സുരക്ഷാ ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും ആർക്കും ലംഘിക്കാനാകാത്ത 'റെഡ് ലൈൻ' ആണെന്നും ഇതിൽ തൊട്ടുതാലിക്കളിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
റമസാൻ മാസത്തിൽ രാജ്യം അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണ് ഈ ഭീകരവേട്ട നടന്നത്. വിദേശ ഭീകരസംഘടനകളുമായി സഹകരിക്കുകയോ അവർക്ക് സാമ്പത്തിക സഹായം നൽകുകയോ ചെയ്യുന്നവരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതിർത്തികളിലും നഗരങ്ങളിലും സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z