Advertisement
Arab World

ഇറാൻ സംഘർഷത്തിൽ അമേരിക്കൻ വ്യോമസേനക്കുണ്ടായത് കനത്ത നഷ്ടം; റിപ്പോർട്ട് പുറത്ത്

Published: October 07, 2026
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കൻ വ്യോമസേനയ്ക്ക് നേരിട്ട ഭീമമായ നാശനഷ്ടങ്ങളുടെ പൂർണ്ണ വിവരങ്ങൾ പുറത്ത്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 81 യു.എസ് സൈനിക വിമാനങ്ങളോ, ഹെലികോപ്റ്ററുകളോ, ഡ്രോണുകളോ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് യു.എസ് കോൺഗ്രഷണൽ റിസർച്ച് സർവീസ് (CRS) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യു.എസ് വ്യോമസേനക്കുണ്ടായ കനത്ത നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ ഔദ്യോഗിക വിലയിരുത്തലുകളിൽ ഒന്നാണിത്.

ഒക്ടോബർ 5-ന് പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം, തകർന്നവയിൽ 45 MQ-9 റീപ്പർ ഡ്രോണുകൾ, 12 F-15E സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ, 7 KC-135 ഇന്ധനവിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ, പട്ടികയിലുള്ള 81 വിമാനങ്ങളും പൂർണ്ണമായി നശിച്ചിട്ടില്ലെന്നും കേടുപാടുകൾ സംഭവിച്ച ചിലത് അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും തിരിച്ചെത്തിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സൈനിക നീക്കം ആരംഭിച്ച ഫെബ്രുവരി 28 മുതലുള്ള കണക്കുകളാണ് ഇതിലുള്ളത്. സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ നാല് F-15E യുദ്ധവിമാനങ്ങൾ യു.എസിന് നഷ്ടമായിരുന്നു. ഇതിൽ മൂന്ന് വിമാനങ്ങൾ മാർച്ച് ആദ്യം കുവൈത്തിന് മുകളിലൂടെ പറക്കുമ്പോൾ, ഇറാനിയൻ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനിടെ കുവൈത്ത് വ്യോമസേന അബദ്ധത്തിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പോരാട്ടത്തിനിടെ നാലാമത്തെ വിമാനം ഇറാൻ നേരിട്ട് വെടിവെച്ചിട്ടു. ഈ രണ്ട് സംഭവങ്ങളിലെയും പൈലറ്റുമാരും ക്രൂ അംഗങ്ങളും സുരക്ഷിതമായി രക്ഷപ്പെട്ടു.

കൂടാതെ, സെപ്റ്റംബറിൽ ജോർദാനിലെ മുവാഫാഖ് സാൾട്ടി വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിലാണ് പട്ടികയിലുള്ള എട്ട് F-15E വിമാനങ്ങൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചത്.തുടക്കത്തിൽ നാശനഷ്ടങ്ങളെ കുറിച്ചുള്ള കണക്കുകൾ പെന്റഗൺ മറച്ചുവെച്ചെങ്കിലും വിവിധ കോണുകളിൽ നിന്നുയർന്ന ശക്തമായ സമ്മർദത്തെ തുടർന്നാണ് ഇപ്പോൾ കണക്കുകൾ പുറത്തുവിട്ടത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക
Advertisement

NEWSROOMME VIDEOS

View All Videos