Advertisement
Arab World

നെതന്യാഹുവിന് തിരിച്ചടി,90 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ കേവല ഭൂരിപക്ഷത്തിൽ എത്താനായില്ല :അറബ് പാർട്ടികൾ നിർണായകം

Published: October 29, 2026
തെൽ അവീവ് : ഇസ്രായേൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകൾ എണ്ണിയപ്പോഴും ആർക്കും കേവല ഭൂരിപക്ഷമില്ല. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യം 53 സീറ്റുകൾ നേടി. യാഷർ പാർട്ടി അധ്യക്ഷൻ ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളാണ് ഇതു വരെ നേടാനായത്. ചരിത്ര പ്രകടനം നടത്തിയ അറബ് പാർട്ടികൾക്ക് 19 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

120 അംഗ പാർലമെന്‍റിൽ കേവല ഭൂരിപക്ഷമായ 61 എന്ന മാന്ത്രിക അക്കത്തിലേക്ക് ഇരു സഖ്യങ്ങൾക്കും എത്താനായില്ല. ഇതോടെ അറബ് പാർട്ടികൾ നിർണായക ശക്തിയാകും. എന്നാൽ, ഇരു സഖ്യങ്ങളും അറബ് പാർട്ടികളുമായി സഹകരണത്തിന് തയാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇനി പ്രധാനമായും എണ്ണാനുള്ളത് ഡബിൾ എൻവലപ്പ് വോട്ടുകളാണെന്ന് ഇസ്രയേൽ തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ തീവ്രവലതുപക്ഷ സഖ്യകക്ഷികളെയും അധികാരത്തിൽനിന്ന് പുറത്താക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ അറബ് വോട്ടർമാർ റെക്കോഡ് എണ്ണത്തിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ 19 സീറ്റുകളുമായി സർക്കാർ രൂപവത്കരണത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന ശക്തിയായി അറബ് പാർട്ടികൾ മാറി. ഈ പാർട്ടികൾക്ക് ഇതിന് മുമ്പ് ലഭിച്ച ഏറ്റവും ഉയർന്ന സീറ്റ് നേട്ടം 15 ആയിരുന്നു. അഭിപ്രായ സർവേകളിൽനിന്ന് വ്യത്യസ്തമാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം.

ഭൂരിഭാഗം സർവേകളും ഐസൻകോട്ടിന്റെ സഖ്യം നെതന്യാഹുവിന്റെ സഖ്യത്തെക്കാൾ മുന്നിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാൽ, നെതന്യാഹുവിന്‍റെ ലിക്കുഡ് 26 സീറ്റുകളുമായി പാർട്ടി ഏറ്റവും വലിയ കക്ഷിയായി. ഐസൻകോട്ടിന്റെ യാഷർ പാർട്ടിക്ക് 21 സീറ്റുകളാണ് നേടാനായത്. ഡബിൾ എൻവലപ്പ് വോട്ടുകൾ എണ്ണാൻ അധിക പരിശോധന ആവശ്യമായതിനാലാണ് ഫലം വൈകുന്നത്. ഏകദേശം 4.3 ലക്ഷത്തിനും 4.8 ലക്ഷത്തിനും ഇടയിലാണ് ‘ഇരട്ട കവറുകളിലുള്ള വോട്ടുകൾ’. വ്യാഴാഴ്ച വൈകീട്ടോടെ മാത്രമേ ഇവയുടെ വോട്ടെണ്ണൽ പൂർണമാകു. പ്രധാനമായും ഐ.ഡി.എഫ് സൈനികർ, തടവുകാർ, വിദേശത്തുള്ള നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള പോസ്റ്റൽ വോട്ടുകളോ പ്രത്യേക വോട്ടുകളോ രേഖപ്പെടുത്തിയവരെയാണ് ഡബിൾ എൻവലപ്പുകളെന്ന് പറയുന്നത്. ഓരോ വോട്ടറും മറ്റെവിടെയെങ്കിലും ഇതിനകം വോട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാലാണ് ഈ വോട്ടുകൾ എണ്ണുന്നതിൽ കൂടുതൽ സമയം വേണ്ടിവരുന്നത്.

നിലവിലെ കണക്കനുസരിച്ച് 90.5 ശതമാനം വോട്ടെണ്ണൽ പൂർത്തിയാകുമ്പാേൾ പ്രധാന രാഷ്ട്രീയ മുന്നണികളായ ലികുഡിന് 53 സീറ്റുകളും ഗാഡി ഐസെന്‍കോട്ടിന്റെ യാഷിറിന് 48 സീറ്റുകളും അറബ് പാർട്ടികൾക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719
Advertisement

NEWSROOMME VIDEOS

View All Videos