Advertisement
Arab World

നിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 22 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം,നൂറോളം ഇന്ത്യക്കാർക്ക് പരിക്കേറ്റു

Published: October 29, 2026
ന്യൂദൽഹി: ഫെബ്രുവരി 28ന് ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി  മിഡിലീസ്റ്റിൽ 22 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇതിൽ 14 പേരും കപ്പൽ ജീവനക്കാരാണ്. സമീപകാലത്ത് സൗദി അറേബ്യയിലുണ്ടായ ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടത് അടക്കമുള്ള കണക്കാണിത്. നൂറോളം ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെ ആക്രമിച്ച ദിവസം മുതലുള്ള കണക്കാണിത്.

ഇന്ത്യൻ വിദേശകാര്യ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതിൽ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫ് മേഖലയിലെ ഇന്ത്യൻ പ്രവാസികളുമായും നാവികരുമായും എംബസികളും കോൺസുലേറ്റുകളും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മേഖലയിലെ ഇന്ത്യൻ തൊഴിലാളികളുടെയും നാവികരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ നയതന്ത്ര കാര്യാലയങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ജൂലൈ 30ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 16 പേരാണ് കൊല്ലപ്പെട്ടിരുന്നത്. 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമുള്ള മൂന്ന് മാസത്തിനിടെയാണ് ആറ് പേർ കൂടി കൊല്ലപ്പെട്ടത്. ഒമാനിൽ എട്ടും യുഎഇയിൽ നാല് പേരും കൊല്ലപ്പെട്ടതായാണ് ജൂലൈ 30ലെ കണക്ക് വ്യക്തമാക്കുന്നത്. കുവൈത്തിൽ രണ്ടും സൗദി അറേബ്യയിൽ മൂന്നും ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടമായത്. ഇറാഖിൽ ഒരു ഇന്ത്യക്കാരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഘർഷ മേഖലകളിലെ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായത്. ഒമാനിലെ മരണങ്ങൾ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ഹോർമുസിൽ നിരന്തരം ആക്രമണം നടക്കുന്നതിനിടെയാണ് ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമായത്.

ഹോർമുസും ബാബ് അൽ മന്ദബും അടക്കം സംഘർഷ സാധ്യത മേഖലകളിലേക്ക് വിവിധ ഷിപ്പിങ് കമ്പനികൾ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്ത് ഇന്ത്യൻ നാവികരെ നിയോഗിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഏതാനും മലയാളി നാവികർ ഹോർമുസിൽ നിന്നുള്ള വിഡിയോകളും പുറത്തുവിട്ടിരുന്നു.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719
Advertisement

NEWSROOMME VIDEOS

View All Videos