ഇനി പാട്ടു വെക്കാനും ലൈസൻസ്! കഫേകളിലും ഹോട്ടലുകളിലും സംഗീതത്തിന് ഫീസ് ഏർപ്പെടുത്തി യു.എ.ഇ
2026 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമം, റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് പുറമെ ഷോപ്പിംഗ് മാളുകൾ, ഫിറ്റ്‌നസ് സെന്ററുകൾ, വിമാനക്കമ്പനികൾ, റേഡിയോ-ടിവി ചാനലുകൾ എന്നിവയ്ക്കെല്ലാം ബാധകമായിരിക്കുമെന്ന് യു.എ.ഇ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫീസ് കൈകാര്യം ചെയ്യുന്നതും ലൈസൻസുകൾ അനുവദിക്കുന്നതും 'മ്യൂസിക് നേഷൻ', 'എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ' എന്നീ അംഗീകൃത ഏജൻസികൾക്കായിരിക്കും.ലൈസൻസിന് ഒരു വർഷത്തെ കാലാവധിയുണ്ടായിരിക്കും.
ഓരോ സ്ഥാപനത്തിന്റെയും വലുപ്പവും ഉപയോഗിക്കുന്ന സംഗീതത്തിന്റെ രീതിയും നോക്കിയായിരിക്കും പെർമിറ്റ് നിരക്കുകൾ നിശ്ചയിക്കുക. സാധാരണ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനേക്കാൾ ലൈവ് സംഗീത പരിപാടികൾക്കോ ഡിജെ (DJ) നൈറ്റുകൾക്കോ ഉയർന്ന ഫീസ് നൽകേണ്ടി വരും. എന്നാൽ സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, ജീവകാരുണ്യ പരിപാടികൾ തുടങ്ങിയ വാണിജ്യേതര ആവശ്യങ്ങൾക്ക് ഈ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
നിയമം കലാകാരന്മാർക്ക് വലിയ തണലാവാൻ
സംഗീതസംവിധായകർ, ഗാനരചയിതാക്കൾ, ഗായകർ, വാദ്യോപകരണ വിദഗ്ധർ, റെക്കോർഡ് നിർമ്മാതാക്കൾ എന്നിവരുടെ പകർപ്പവകാശവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാനാണ് ഈ നീക്കം.പിരിച്ചെടുക്കുന്ന ഫീസിന്റെ 10 ശതമാനം തുക 'സാംസ്കാരിക സഹായ നിധിയിലേക്ക്' (Cultural Support Fund for Music) മാറ്റി വെക്കാനും സാമ്പത്തിക-ടൂറിസം മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് സംഗീത നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ കലാകാരന്മാർക്ക് ആവശ്യമായ സാമ്പത്തിക, സാങ്കേതിക, കലാപരമായ പിന്തുണ ലഭ്യമാക്കും. യു.എ.ഇയിലെ സംഗീത മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതാണ് ഈ തീരുമാനങ്ങൾ.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd