ആ കളി ഇവിടെ വേണ്ട,ദേശീയ സ്ത്രീത്വത്തെ അപമാനിച്ച വ്യക്തിക്കെതിരെ നടപടിയുമായി യു.എ.ഇ
മീഡിയ റെഗുലേഷൻ നിയമങ്ങളും അതിലെ ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി.
'എമിറാത്തി വനിതാ ദിനം' ആഘോഷിക്കുന്നതിനായുള്ള ഫോട്ടോ ഷൂട്ടിനായി ഒരു സ്ത്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദമായത്. എമിറാത്തി സ്ത്രീകളെ മോഡലുകളായി ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി, എമിറാത്തി സ്ത്രീകളെപ്പോലെ രൂപവും സംസാരശൈലിയുമുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മോഡലുകളെ ഓഡിഷനായി ക്ഷണിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇതാണ് അധിക്ഷേപകരമായി കണക്കാക്കപ്പെട്ടത്.
എമിറാത്തി സ്ത്രീകളുടെ പദവിയെയും രാജ്യത്തിനായി അവർ നൽകുന്ന സംഭാവനകളെയും ഇകഴ്ത്തിക്കാട്ടുന്നതോ അവഹേളിക്കുന്നതോ ആയ യാതൊരുവിധ ഉള്ളടക്കവും അനുവദിക്കില്ലെന്ന് അധികൃതർ കർശന നിലപാട് വ്യക്തമാക്കി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും രാജ്യത്തിന്റെ ദേശീയ സ്വത്വത്തെ മാനിക്കണമെന്നും NMA ഓർമിപ്പിച്ചു.
യൂണിയൻ അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. യുഎഇയിലെ നിയമങ്ങൾക്ക് അനുസൃതമായി എമിറാത്തി സ്ത്രീകളുടെ അന്തസ്സും സ്വത്വവും മാനിക്കേണ്ടതിന്റെ പ്രാധാന്യം അവർ ഓർമ്മിപ്പിച്ചു. ഡിജിറ്റൽ ഇടങ്ങളിൽ മുൻവിധികളും വിവേചനവും ചെറുക്കണമെന്നും ഉത്തരവാദിത്തപരമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കണമെന്നും അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എമിറാത്തി വനിതാ ദിനത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ നടപടി എന്നതും ശ്രദ്ധേയമാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd