Advertisement
UAE

ഉപ്പും പഞ്ചസാരയും അളവിൽ കൂടേണ്ട,പിഴ അഞ്ച് ലക്ഷം ദിർഹം വരെയെന്ന് യു.എ.ഇ-യുടെ മുന്നറിയിപ്പ്

Published: October 06, 2026
ദുബായ് :തിരഞ്ഞെടുത്ത പാക്കേജ്ഡ് ഭക്ഷണസാധനങ്ങളിലെ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് പരിമിതപ്പെടുത്തുന്നതിനുള്ള തീരുമാനം യുഎഇ നടപ്പിലാക്കിത്തുടങ്ങിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. 2030-ഓടെ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഭക്ഷ്യ ഉൽപ്പാദക-വിതരണ സ്ഥാപനങ്ങൾക്ക് ഘട്ടംഘട്ടമായുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും, അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ട അമിതവണ്ണം, പകർച്ചവ്യാധിയല്ലാത്ത മറ്റ് രോഗങ്ങൾ എന്നിവ കുറയ്ക്കുന്നതിനുമാണ് നടപടിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ദൈനംദിന ഉപയോഗത്തിലുള്ള ഉൽപ്പന്നങ്ങളുടെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നതിനായി സോഡിയം, സംസ്കരിച്ച പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് ഘട്ടംഘട്ടമായി കുറയ്ക്കുന്നതിനുള്ള നിബന്ധനകൾക്ക് മന്ത്രാലയം രൂപംനൽകിയിട്ടുണ്ട്.പ്രാദേശികമായി നിർമ്മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ പാക്ക് ചെയ്ത ഭക്ഷണസാധനങ്ങൾക്കും, ഫ്രീ സോണുകളിലെ കമ്പനികൾ ഉൾപ്പെടെ അവ കൈകാര്യം ചെയ്യുന്ന ഭക്ഷ്യ സ്ഥാപനങ്ങൾക്കും ഈ നിബന്ധനകൾ ബാധകമായിരിക്കും. ഉൽപ്പാദനം, സംസ്കരണം, പാക്കിംഗ് എന്നിവ മുതൽ ഇറക്കുമതി, സംഭരണം, വിതരണം, വിളമ്പൽ, പ്രദർശനം, വിൽപ്പന വരെയുള്ള ഭക്ഷ്യ വിതരണ ശൃംഖലയുടെ എല്ലാ ഘട്ടങ്ങളെയും ഉൾകൊള്ളുന്നതായിരിക്കും ഈ ചട്ടങ്ങളെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം,യുഎഇയ്ക്കുള്ളിൽ വിൽപന ഉദ്ദേശിക്കാത്ത,പൂർണ്ണമായും കയറ്റുമതിക്കായി മാത്രം നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന ഉൽപ്പന്നങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അളവും തരവും ഇങ്ങനെ :
ഉൽപ്പന്നത്തിന്റെ ഓരോ 100 ഗ്രാമിലുമുള്ള അളവ് അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ള ഈ പരിധികൾ രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്.പൊങ്ങി വരുന്ന തരം ബ്രെഡുകളുടെ (leavened bread) കാര്യത്തിൽ, ആദ്യ ഘട്ടത്തിൽ സോഡിയം 444 മില്ലിഗ്രാം, ആകെ പഞ്ചസാര 6 ഗ്രാം, ആകെ കൊഴുപ്പ് 8.4 ഗ്രാം എന്നിങ്ങനെയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. അവസാന ഘട്ടത്തിൽ ഇവ യഥാക്രമം 370 മില്ലിഗ്രാം, 5 ഗ്രാം, 7 ഗ്രാം എന്നിങ്ങനെയായി കുറയും. 

പരന്ന ബ്രെഡുകളുടെ (flat bread) കാര്യത്തിൽ, സോഡിയം പരിധി 384 മില്ലിഗ്രാമിൽ നിന്ന് 320 മില്ലിഗ്രാമിലേക്കും, ആകെ പഞ്ചസാര 6 ഗ്രാമിൽ നിന്ന് 5 ഗ്രാമിലേക്കും, ആകെ കൊഴുപ്പ് 8.4 ഗ്രാമിൽ നിന്ന് 7 ഗ്രാമിലേക്കും കുറയും.പഞ്ചസാരയുടെ അളവിലും ഈ ക്രമീകരണമുണ്ടാകും.മധുരം ചേർത്ത പാൽ ഉൾപെട്ട പാനീയങ്ങളിലെ ആകെ പഞ്ചസാരയുടെ അളവ്, ആദ്യ ഘട്ടത്തിൽ 9.6 ഗ്രാമായും അവസാന ഘട്ടത്തിൽ 8 ഗ്രാമായും പരിമിതപ്പെടുത്തും.മധുരം ചേർത്തതോ രുചിഭേദങ്ങളുള്ളതോ ആയ തൈര്, ലാബൻ എന്നിവയിലെ പഞ്ചസാരയുടെ അളവ് ആദ്യ ഘട്ടത്തിൽ 12 ഗ്രാമായും അവസാന ഘട്ടത്തിൽ 10 ഗ്രാമായും പരിമിതപ്പെടുത്തും.

ഉപ്പിട്ട ക്രാക്കറുകളിലെ സോഡിയത്തിന്റെ അളവ് 696 മില്ലിഗ്രാമിൽ നിന്ന് 580 മില്ലിഗ്രാമിലേക്കും, ഉപ്പിട്ട നട്‌സുകളിലും വിത്തുകളിലും ഇത് 336 മില്ലിഗ്രാമിൽ നിന്ന് 280 മില്ലിഗ്രാമിലേക്കും, പ്രെറ്റ്‌സലുകളിൽ 912 മില്ലിഗ്രാമിൽ നിന്ന് 760 മില്ലിഗ്രാമിലേക്കും കുറയ്ക്കണം. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, പച്ചക്കറികൾ അല്ലെങ്കിൽ ധാന്യങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന എക്‌സ്‌ട്രൂഡഡ് സ്‌നാക്കുകളിലും ചിപ്‌സിലുമുള്ള സോഡിയത്തിന്റെ അളവ് 564 മില്ലിഗ്രാമിൽ നിന്ന് 470 മില്ലിഗ്രാമായി പരിമിതപ്പെടുത്തണം.

പ്രോസസ്ഡ് ചീസ് രണ്ടാമത്തെ ഉൽപ്പന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. സ്പ്രെഡ് ചെയ്യാവുന്ന ചീസിലെ സോഡിയത്തിന്റെ അളവ് ആദ്യ ഘട്ടത്തിൽ 864 മില്ലിഗ്രാമായും അവസാന ഘട്ടത്തിൽ 720 മില്ലിഗ്രാമായും പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റ് പ്രോസസ്ഡ് ചീസുകളുടെ കാര്യത്തിൽ ഈ പരിധി 1,200 മില്ലിഗ്രാമിൽ നിന്ന് 1,000 മില്ലിഗ്രാമിലേക്കാണ് കുറയ്ക്കുന്നത്.

ബ്രഡ് ഉൾപ്പെടുന്ന ആദ്യ വിഭാഗത്തിൽ പെട്ട ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ, നിയമം പ്രാബല്യത്തിൽ വന്ന് ഒമ്പത് മാസത്തിനുള്ളിൽ സ്ഥാപനങ്ങൾ ആദ്യഘട്ട പരിധികൾ പാലിക്കേണ്ടതുണ്ട്. രണ്ടാമത്തെ വിഭാഗമായ പ്രോസസ്ഡ് ചീസിന്റെ കാര്യത്തിൽ, രണ്ട് വർഷവും മൂന്ന് മാസവും വരെ സമയം അനുവദിച്ചിട്ടുണ്ട്. രണ്ട് വിഭാഗങ്ങളും 2030 ഡിസംബർ 31-നകം അന്തിമ പരിധികൾ പാലിച്ചിരിക്കണം.

നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിർമ്മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ ഉൽപ്പന്നങ്ങൾ ഒരു വർഷം വരെയോ അല്ലെങ്കിൽ അവയുടെ കാലാവധി തീരുന്ന തീയതി വരെയോ (ഇതിൽ ഏതാണോ ആദ്യം വരുന്നത് അതുവരെ) വിൽപനയ്ക്ക് വെക്കാവുന്നതാണ്. അതിനുശേഷം, നിശ്ചയിച്ചിട്ടുള്ള പരിധികൾ പാലിക്കാത്ത ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടില്ല.

ഫെഡറൽ, പ്രാദേശിക ആരോഗ്യ അധികൃതർ മന്ത്രാലയവുമായി സഹകരിച്ച് നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് തുടർച്ചയായി നിരീക്ഷിക്കും. ഇത് പരിശോധിക്കുന്നതിന് ആവശ്യമായ വിവരങ്ങളും രേഖകളും സ്ഥാപനങ്ങൾ നൽകേണ്ടതുണ്ട്.നിയമലംഘനങ്ങൾക്ക് 5,000 മുതൽ 5,00,000 ദിർഹം വരെ പിഴ, സ്ഥാപനം ആറു മാസം വരെ (കാലാവധി നീട്ടാവുന്ന രീതിയിൽ) അടച്ചിടൽ, അല്ലെങ്കിൽ ലൈസൻസോ അനുമതിയോ റദ്ദാക്കൽ എന്നീ നടപടികൾ നേരിടേണ്ടി വന്നേക്കാം. നിയമലംഘനത്തിന്റെ ഗൗരവം, സാഹചര്യം, ആവർത്തിച്ചുള്ള ലംഘനമാണോ എന്നതുൾപെടെ ആശ്രയിച്ചായിരിക്കും ശിക്ഷാ നടപടികൾ തീരുമാനിക്കുക.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos