'ദൗത്യം' പൂർത്തിയാക്കാൻ ട്രംപിന്റെ നിർദേശം, 48 മണിക്കൂറിനിടെ രണ്ടാം തവണയും യുഎഇ പ്രതിനിധികൾ ഇറാൻ സന്ദർശിച്ചതായി റിപ്പോർട്ട്
മധ്യപൂർവേഷ്യയിലുള്ള അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിക്കൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഞായറാഴ്ച പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പ് അധികം വൈകാതെ തന്നെ മേഖലയിൽ വീണ്ടുമൊരു യുദ്ധസാഹചര്യം രൂപപ്പെടാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.
"മധ്യപൂർവേഷ്യയിലേക്ക് യാത്ര ചെയ്യുന്നവരോ അവിടെ നിന്ന് മടങ്ങുന്നവരോ ആയ അമേരിക്കക്കാർ, വിമാനത്താവളങ്ങളുടെയും എയർലൈനുകളുടെയും പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിരന്തരം നിരീക്ഷിക്കുകയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പദ്ധതികൾ (contingency plans) തയ്യാറാക്കി വെക്കുകയും വേണം... ഇറാനോ ഇറാനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളോ വിദേശത്തുള്ള മറ്റ് അമേരിക്കൻ താൽപ്പര്യങ്ങളെ ലക്ഷ്യമിട്ടേക്കാം," മുന്നറിയിപ്പിൽ പറയുന്നു.
ഈ മാസം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, ഇറാനെതിരെ പുതിയ ആക്രമണങ്ങൾ നടത്താനുള്ള സാധ്യതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകിയിട്ടുണ്ട്. ഇറാൻ "തങ്ങളുടെ രീതികൾ വേഗത്തിൽ മാറ്റുന്നില്ലെങ്കിൽ", അവർക്കെതിരായ "ദൗത്യം പൂർത്തിയാക്കാൻ" നെതന്യാഹു അധികാരത്തിൽ തുടരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നാണ് ഞായറാഴ്ച ട്രംപ് പറഞ്ഞത്.
ട്രംപിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി 'എക്സ്' (X) പ്ലാറ്റ്‌ഫോമിലൂടെ മറുപടി നൽകി.
"കഴിഞ്ഞ തവണ നിങ്ങൾ 'ദൗത്യം പൂർത്തിയാക്കാൻ' ശ്രമിച്ചപ്പോൾ, ഇറാൻ കൂടുതൽ ശക്തമായാണ് ഉയർന്നുവന്നത്. വീണ്ടും ഭാഗ്യം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ധൈര്യമായി വരൂ.ജയിലിൽ പോകാതിരിക്കാൻ വേണ്ടി, ഇസ്രായേലിനോ യുഎസ് പ്രസിഡന്റിനോഎന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്ന മട്ടിൽ, അമേരിക്കയെ മറ്റൊരു യുദ്ധത്തിലേക്ക് തള്ളിവിടുകയാണ് നെതന്യാഹു ചെയ്യുന്നത്," എന്നായിരുന്നു അരാഗ്ചിയുടെ പ്രതികരണം.
ഇതിനിടെ,യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥർ 48 മണിക്കൂറിനിടെ വീണ്ടും ഇറാൻ സന്ദർശിച്ചതായി 'മിഡിലീസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം ആരംഭിക്കുമെന്നും, അത് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്നുമുള്ള ആശങ്കകൾക്കിടയിലാണ് ഈ സന്ദർശനമെന്ന് റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ യുഎഇയിൽ നിന്നുള്ള ഒരു വിമാനം തെഹ്‌റാനിൽ ഇറങ്ങുന്നത് ഇത് രണ്ടാം തവണയാണെന്ന് ഫ്ലൈറ്റ് ട്രാക്കറുകൾ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
യുഎഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 'റോയൽ ജെറ്റ്' എന്ന സ്വകാര്യ ചാർട്ടർ കമ്പനിയുടെ ബോയിംഗ് 737 വിമാനമാണ് തിങ്കളാഴ്ച അബുദാബിയിൽ നിന്ന് തെഹ്‌റാനിൽ എത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓപ്പൺ-സോഴ്‌സ് ഇന്റലിജൻസ് വിശകലന വിദഗ്ധരുടെ റിപ്പോർട്ടുകൾ പ്രകാരം, ശനിയാഴ്ചയും ഈ വിമാനം തെഹ്റാനിൽ എത്തിയിരുന്നു.ഇറാനെതിരായ യുദ്ധം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ, യുഎഇ ഇറാനുമായി ചർച്ചകൾക്ക് തയാറെടുക്കുന്നതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുന്നതിനിടയിലാണ് യുഎഇയിൽ നിന്നുള്ള പ്രതിനിധി സംഘം ഇറാൻ സന്ദർശിച്ചത്.
2026 ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് ശേഷം, ഇറാനെതിരെ ഏറ്റവും കടുത്ത നിലപാട് സ്വീകരിച്ച ഗൾഫ് രാജ്യങ്ങളിലൊന്നായിരുന്നു യുഎഇ. ഇറാനെതിരെയുള്ള ആക്രമണങ്ങളിൽ അമേരിക്കയ്‌ക്കും ഇസ്രായേലിനുമൊപ്പം യുഎഇയും പങ്കുചേർന്നതായും പാകിസ്ഥാൻ മുൻകൈയെടുത്ത് നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ തടയാൻ അബുദാബി ശ്രമിച്ചിരുന്നതായും ആരോപണം ഉയർന്നിരുന്നു.അതേസമയം,, യുഎസ്-ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ തിരിച്ചടികളിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്ന് യുഎഇ ആയിരുന്നു. മേഖലയിലെ ഒരു സുരക്ഷിത കേന്ദ്രമെന്ന നിലയിൽ അഭിമാനിച്ചിരുന്ന യു.എ.ഇ, നൂറുകണക്കിന് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെയാണ് നേരിടേണ്ടിവന്നത്.
ഹോർമുസ് കടലിടുക്കിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഫുജൈറ തുറമുഖം, നിരവധി തവണ ഇറാൻ ആക്രമണത്തിന് ഇരയായി.ഇതിനിടെ,ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി യുഎഇ ഇറാന് കോടിക്കണക്കിന് ഡോളർ 'സംരക്ഷണ തുക'യായി നൽകിയെന്ന് കഴിഞ്ഞ ജൂണിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ കരാറിന്റെ ഭാഗമായി 3 ബില്യൺ ഡോളർ യുഎഇ ഇറാനു കൈമാറിയതായും ആകെ 20 ബില്യൺ ഡോളർ നൽകാൻ സമ്മതിച്ചതായും ആരോപണം ഉയർന്നെങ്കിലും ഇറാനു പണം നൽകിയെന്ന വാർത്ത യുഎഇ നിഷേധിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.