Advertisement
UAE

ഫ്‌ളൈ ദുബായ് വിമാനത്തിൽ നടന്നത് ഭീകരാക്രമണം തന്നെയെന്ന് യു.എ.ഇ,സഹപൈലറ്റിനെ ചോദ്യം ചെയ്യും

Published: October 03, 2026
ദുബായ് : ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ നടന്നതു തീവ്രവാദ ആക്രമണമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് സ്ഥിരീകരിച്ചു. വൻദുരന്തത്തിൽ കലാശിക്കുമായിരുന്ന ആക്രമണത്തെ ചെറുത്തുതോൽപ്പിച്ചത് ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാറിന്റെ ധീരതയും ഉത്തരവാദിത്ത ബോധവുമാണെന്നും ഡോ. ഗർഗാഷ് പറഞ്ഞു.

സ്മിത്തിന്റെ ധീരതയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ചടുലമായ ചിന്തകളും അതിവേഗമുള്ള തീരുമാനങ്ങളുമാണ് സംഭവത്തിന്റെ ഗതിമാറ്റിയെഴുതിയത്. ഏറ്റവും ഭയാനകമായ സാഹചര്യത്തിലും ഇന്ത്യൻ പൈലറ്റിനെ നയിച്ച ധാർമിക ബോധമാണ് അദ്ദേഹത്തെ യഥാർഥ നായകനാക്കിയത്. നടന്ന സംഭവത്തെ ലളിതവൽക്കരിക്കാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ ഗർഗാഷ് മുന്നറിയിപ്പ് നൽകി. ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നവരെയും കരുതിയിരിക്കണം. തീവ്രവാദ പ്രവർത്തനങ്ങളുടെ അപകടങ്ങളെ ചെറുത്തു തോൽപ്പിക്കാൻ സദാജാഗ്രതയാണ് നമ്മെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആത്മധൈര്യം കൈവിടാതെ യാത്രക്കാരുടെ ജീവൻ സംരക്ഷിച്ച ക്യാപ്റ്റൻ സ്മിത്തിന് നന്ദി പറഞ്ഞു ഫ്ലൈദുബായ് സിഇഒ ഗെയ്ത്ത് അൽ ഗെയ്ത്ത്. അനിഷ്ട സംഭവത്തെ തുടർന്ന് ഇസ്രയേലിലേക്കുള്ള എല്ലാ സർവീസുകളും ഫ്ലൈദുബായ് റദ്ദാക്കിയതായി സിഇഒ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ഫ്ലൈദുബായ് നടത്തും. സൗദിയിൽ വിമാനം സുരക്ഷിതമായി ഇറക്കാൻ സഹായിച്ച എല്ലാവരോടും ഫ്ലൈദുബായ് നന്ദി പറഞ്ഞു. വിമാനത്തിനുള്ളിൽ സംഭവിച്ച കാര്യങ്ങൾ സംബന്ധിച്ചു വിശദമായ അന്വേഷണം നടക്കുകയാണ്. എല്ലാ സത്യങ്ങളും പുറത്തു വരും. യാത്രക്കാരുടെ സുരക്ഷയാണ് കമ്പനിക്കു പ്രധാനമെന്നും സിഇഒ ഗെയ്ത്ത് പറഞ്ഞു.

അതേസമയം, വിമാനത്തിൽ പൈലറ്റിനെ കുത്തിപ്പരുക്കേൽപിച്ച സഹപൈലറ്റിനെ ഇസ്രയേൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. നിലവിൽ യുഎഇയിലാണ് ഇയാളുള്ളത്. പ്രതിയായ സഹപൈലറ്റ് ആരുടെയെങ്കിലും ആജ്ഞാനുസരണമാണോ പ്രവർത്തിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. സംഭവത്തിനു പിന്നിൽ ഇറാനാണെന്നു തെളിഞ്ഞാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, സംഭവത്തിനുപിന്നിൽ ഇസ്രയേലിന്റെ ഗൂഢാലോചനയാണെന്നും പുതിയ സൈനിക ഏറ്റുമുട്ടലിനു വഴിയൊരുക്കാനാണ് ശ്രമമെന്നും ഇറാൻ ആരോപിച്ചു. 
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

 

YOU MAY LIKE

View All UAE
Advertisement