ഇറാൻ ഭീഷണിയെ ചെറുക്കാൻ കുഞ്ഞൻ മിസൈലുകളുമായി യു.എ.ഇ,നിർമാണം തുടങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ്
നിലവില്‍ പോവറസുമായി സഹകരിക്കുന്ന ഫാക്ടറികള്‍ പ്രതിമാസം 3,000 ഡ്രോണ്‍ ഇന്റര്‍സെപ്റ്ററുകള്‍ വീതം നിര്‍മ്മിക്കുന്നുണ്ട്. 2027 മധ്യത്തോടെ ആഗോള തലത്തില്‍ ഉല്‍പ്പാദനം പ്രതിമാസം 15,000 ആയി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. സാധാരണ പ്രതിരോധ മേഖലയിലെ ചുവപ്പുനാടുകളും കാലതാമസവും ഒഴിവാക്കാന്‍, ആയുധങ്ങള്‍ ആവശ്യമുള്ള രാജ്യങ്ങളിലെ പ്രാദേശിക നിര്‍മ്മാതാക്കളുമായി സഹകരിച്ചാണ് പോവറസ് ഉല്‍പ്പാദനം നടത്തുന്നത്.
ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധത്തെത്തുടര്‍ന്ന് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആഭ്യന്തരമായി ആയുധങ്ങള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങിയത് മുതല്‍ യു.എ.ഇക്ക് നേരെ 500-ലധികം ബാലസ്റ്റിക് മിസൈലുകളും 2,200-ലധികം ഇറാനിയന്‍ ഡ്രോണുകളും പതിച്ചു. ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ എണ്ണ ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും രണ്ട് ആമസോണ്‍ ഡാറ്റാ സെന്ററുകള്‍ തകരുകയും ചെയ്തിരുന്നു. അമേരിക്കന്‍ നിര്‍മ്മിത പ്രതിരോധ വ്യൂഹങ്ങളുടെ ശേഖരം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കുറഞ്ഞ ചെലവിലുള്ള പുതിയ ഇന്റര്‍സെപ്റ്ററുകള്‍ക്ക് പ്രിയമേറുന്നത്.
പോവറസ് വികസിപ്പിച്ചെടുത്ത ‘ഗാര്‍ഡിയന്‍’ എന്ന് പേരിട്ടിരിക്കുന്ന ഇന്റര്‍സെപ്റ്ററിന് ഏകദേശം 5,000 ഡോളര്‍ മാത്രമാണ് ചെലവ് വരുന്നത്. റഷ്യയുടെ ഷാഹെദ് ഡ്രോണുകള്‍ക്കെതിരെ യുക്രെയ്ന്‍ ഫലപ്രദമായി ഉപയോഗിച്ച രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ലെഗോ കട്ടകള്‍ കൂട്ടിയോജിപ്പിക്കുന്നതുപോലെ വളരെ ലളിതമായി അസംബിള്‍ ചെയ്യാവുന്ന രീതിയിലാണ് ഗാര്‍ഡിയന്റെ ഘടന. എന്നാല്‍ പേട്രിയറ്റ് മിസൈലുകളെപ്പോലെ ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ഇവയ്ക്ക് കഴിയില്ലെങ്കിലും, ഇറാന്‍ പ്രധാനമായും ഉപയോഗിക്കുന്ന ഷാഹെദ് ഡ്രോണുകളെ നേരിടാന്‍ ഇവ തികച്ചും അനുയോജ്യമാണ്. യു.എ.ഇയിലെ ഫാക്ടറിയില്‍ ചൈനീസ്, ഫിലിപ്പിനോ തൊഴിലാളികളാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം 30 ഇന്റര്‍സെപ്റ്ററുകള്‍ നിര്‍മ്മിക്കുന്ന ഇവിടെ ഉല്‍പ്പാദനം ഉടന്‍ തന്നെ 100 ആയി ഉയര്‍ത്തും.
മിഡില്‍ ഈസ്റ്റിലെ എണ്ണ, വാതക ഇന്‍ഫ്രാസ്ട്രക്ചറുകള്‍ സംരക്ഷിക്കുന്നതിനായി 2.2 കോടി ഡോളറിന്റെ വാണിജ്യ കരാറില്‍ ഒപ്പിട്ടതായി പോവറസ് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യയിലും ഇന്റര്‍സെപ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനായി മുംബൈയിലെ ഒരു ഡിഫന്‍സ് കമ്പനിയുമായി ഇവര്‍ കൈകോര്‍ത്തിട്ടുണ്ട്. പ്രതിരോധ ആയുധങ്ങള്‍ വേഗത്തില്‍ വിതരണം ചെയ്യാന്‍ ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ, വന്‍കിട പ്രതിരോധ കമ്പനികളും ഇപ്പോള്‍ ഇത്തരം പ്രാദേശിക പങ്കാളിത്ത മാതൃകകളിലേക്ക് മാറുകയാണ്. ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ പോലും കുറഞ്ഞ ചെലവിലുള്ള ഇന്റര്‍സെപ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ യൂറോപ്യന്‍ പങ്കാളികളുമായി സഹകരിക്കുന്നുണ്ട്.
യുദ്ധം ശക്തമായതോടെ പോവറസിന്റെ ബിസിനസ്സും ഗണ്യമായി വളര്‍ന്നു. പ്രസിഡന്റ് ട്രംപിന്റെ മക്കളായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവര്‍ക്ക് പങ്കാളിത്തമുള്ള നിക്ഷേപ സ്ഥാപനം വഴി, പബ്ലിക് ലിസ്റ്റഡ് ഗോള്‍ഫ് കോഴ്സ് ഓപ്പറേറ്ററായ ഓറസ് ഗ്രീന്‍വേ ഹോള്‍ഡിംഗ്‌സുമായി പോവറസ് ലയനത്തില്‍ ഏര്‍പ്പെട്ടിരുന്നു. കൂടാതെ, വൈറ്റ് ഹൗസിലെ മുന്‍ മുതിര്‍ന്ന ഉപദേഷ്ടാവായിരുന്ന റിട്ടയേര്‍ഡ് ലെഫ്റ്റനന്റ് ജനറല്‍ കീത്ത് കെല്ലോഗ് കമ്പനിയുടെ അഡൈ്വസറി ബോര്‍ഡില്‍ ചേരുകയും ചെയ്തു. യു.എസ് എയര്‍ഫോഴ്സിന് ഇന്റര്‍സെപ്റ്ററുകള്‍ നല്‍കുന്നതിനായി 9 കോടി ഡോളര്‍ വരെയുള്ള കരാറിലും പോവറസ് ഒപ്പുവെച്ചിട്ടുണ്ട്.
2022-ല്‍ റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തിയപ്പോഴാണ് പോവറസ് കമ്പനിയുടെ തുടക്കം. പോവറസിന്റെ സഹസ്ഥാപകരായ മൈക്കല്‍ സിനെന്‍സ്‌കിയും റോമന്‍ വിന്‍ഫെല്‍ഡും ആശ്വാസ സാമഗ്രികളുമായി യുക്രെയ്‌നിലെത്തിയപ്പോള്‍, സൈനിക വെറ്ററനായ ബ്രെറ്റ് വെലിക്കോവിച്ചിനെ പരിചയപ്പെടുകയും ഡ്രോണ്‍ യുദ്ധമുറയുടെ പുതിയ കാലഘട്ടം മനസ്സിലാക്കി കമ്പനിക്ക് രൂപം നല്‍കുകയുമായിരുന്നു. തങ്ങളുടെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി യുക്രെയ്‌നിലെ യുദ്ധക്കളങ്ങളില്‍ പരീക്ഷിച്ച് തെളിയിച്ച ഡ്രോണ്‍ കമ്പനികളെ ഇവര്‍ ഏറ്റെടുക്കുകയും ചെയ്തു.
യു.എ.ഇ പോലുള്ള രാജ്യങ്ങള്‍ക്ക് വിലകൂടിയ പേട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് 40,000 ഡോളര്‍ മാത്രം വിലയുള്ള ഡ്രോണുകളെ തകര്‍ക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ് കുറഞ്ഞ ചെലവിലുള്ള ഗാര്‍ഡിയന്‍ ഇന്റര്‍സെപ്റ്ററുകള്‍ രംഗത്തെത്തുന്നത്. എന്നാല്‍ ഇറാന്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ വേഗതയേറിയ ജറ്റ് അധിഷ്ഠിത ഡ്രോണുകളും മിസൈലുകളും ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഗാര്‍ഡിയനൊപ്പം തന്നെ ഉയര്‍ന്ന ശേഷിയുള്ള പേട്രിയറ്റ് മിസൈലുകളും രാജ്യങ്ങള്‍ക്ക് തുടര്‍ന്നും ആവശ്യമായി വരും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd