ഫലസ്തീൻ ഫുട്ബോൾ ഗോൾകീപ്പർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
അഞ്ച് മാസം മുൻപായിരുന്നു സലീം അൽ-അഷ്കറിന്റെ വിവാഹം. ഭാര്യ ഇപ്പോൾ ഗർഭിണിയാണ്.ചിലിയൻ ഫുട്ബോൾ ക്ലബ്ബായ 'ഡിപ്പോർട്ടീവോ ഫലസ്തീനോ' അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. നിരപരാധികൾ കൊല്ലപ്പെടുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ കടുത്ത ആശങ്ക അറിയിച്ച ക്ലബ്ബ്, ഗാസയിൽ സമാധാനവും നീതിയും വേഗത്തിൽ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
2023 ഒക്ടോബറിൽ ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ ഇതുവരെ ആയിരത്തിലധികം ഫലസ്തീൻ കായികതാരങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സലീം അൽ അഷ്കറിനെ കൂടാതെ ഒട്ടേറെ പ്രമുഖ കായിക വ്യക്തിത്വങ്ങൾക്കും നൂറുകണക്കിന് ഫുട്ബോൾ താരങ്ങൾക്കുമാണ് ഈ യുദ്ധത്തിൽ ഇതിനകം ജീവൻ നഷ്ടപ്പെട്ടത്. അധിനിവേശ സേനയുടെ നിരന്തരമായ ആക്രമണങ്ങൾ ഗസ്സയുടെ കായിക അടിസ്ഥാന സൗകര്യങ്ങളെയും പൂർണമായും തകർത്തിരിക്കുകയാണ്. അതേസമയം, അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി പുരോഗമിക്കുന്ന 2026 ലോകകപ്പ് ഫുട്ബോൾ മത്സര വേദികളിൽ ഫലസ്തീന് അനുകൂലമായ ഐക്യദാർഢ്യ പ്രകടനങ്ങൾ വ്യാപകമാകുകയാണ്. അൾജീരിയ, ബോസ്നിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ പലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. കാൻസാസ് സിറ്റിയിൽ നടന്ന അൾജീരിയ-അർജന്റീന മത്സരത്തിൽ ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ആരാധകർ ഫലസ്തീൻ പതാകകൾ ഉയർത്തുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab