Advertisement
Arab World

15,000 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നു, 29 ഇന്ത്യാക്കാർ ഉൾപ്പെട്ട 'ദിശ'യ്ക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല

Published: July 25, 2026
തെഹ്റാൻ :ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ,30 ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന 'ദിശ' എന്ന കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. വി.എച്ച്.എഫ്. മാരിടൈം റേഡിയോ ചാനൽ വഴിയുള്ള അപായസന്ദേശത്തെ അടിസ്ഥാനമാക്കി ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായ വിവരം പുറത്തുവിട്ടത്.കപ്പലിലുണ്ടായിരുന്ന 30 പേരിൽ 29 പേരും ഇന്ത്യാക്കാരാണ്.അമേരിക്കൻ നാവിക ഉപരോധം മറികടന്ന് ഇറാനിയൻ തുറമുഖം ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന കപ്പലിന്റെ എൻജിൻ റൂമിലാണ് മിസൈൽ പതിച്ചത്.

ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ അധികാരം അവകാശപ്പെടുന്ന ഇറാൻ, അവർ ഒരുക്കിയ പ്രത്യേക പാതയിലൂടെയല്ലാതെ ഒമാൻ തീരത്തുകൂടെ പോകുന്ന കപ്പലുകളെ ലക്ഷ്യംവെക്കുന്നുണ്ട്. ഇറാൻ ഈ കടലിടുക്ക് അടച്ചതിന് പിന്നാലെ അമേരിക്ക ഉപരോധം പുനഃസ്ഥാപിച്ചിരിക്കുകയാണ്.

ഇന്ത്യൻ നാവികർ കടുത്ത പ്രതിസന്ധിയിൽ

ലോകത്ത് ഏറ്റവും കൂടുതൽ നാവികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയെ ഈ ഗൾഫ് സംഘർഷം സാരമായി ബാധിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ, ഹോർമുസ് മേഖലയിൽ സർവീസ് നടത്തുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ ഷിപ്പിങ് കമ്പനികൾക്ക് കർശന നിർദേശം നൽകിയിരുന്നു.ഗൾഫിൽ ജോലി ചെയ്യുന്ന 18,000 ഇന്ത്യൻ നാവികരിൽ 15,000 പേരും ഹോർമുസിന്റെ പടിഞ്ഞാറൻ ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്.

ഒരാഴ്ച മുൻപ് നടന്ന സമാനമായ കപ്പലാക്രമണങ്ങളിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു.

കപ്പലുകൾക്കും ചരക്കുകൾക്കും ഉണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങൾക്കും പരിഹാരമായി, അമേരിക്ക മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ആസ്തികൾ ഉപയോഗിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ഏകദേശം 10,000 കോടി ഡോളറോളം വരുന്ന ആസ്തികളാണ് വിദേശരാജ്യങ്ങളിലുള്ളത്.എന്നാൽ,അമേരിക്കയുടെ ഈ നീക്കം പ്രകോപനപരമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. സമാധാനക്കരാറിൽ ഇറാന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് ഈ തുക വിട്ടുകിട്ടുക എന്നതാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd
Advertisement

NEWSROOMME VIDEOS

View All Videos