Advertisement
Arab World

വെസ്റ്റ് ബാങ്കിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഇനിയൊരു മടക്കമില്ല; നിലപാട് കടുപ്പിച്ച് നെതന്യാഹു

Published: October 14, 2026
ദോഹ: അധിനിവേശ വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികൾക്ക് വീടുകളിലേക്ക് മടങ്ങാൻ അനുമതി നൽകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ മടക്കത്തിനുള്ള സമയക്രമം തയ്യാറാക്കാൻ സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.

വടക്കൻ വെസ്റ്റ് ബാങ്കിലെ തുൽകാർം അഭയാർത്ഥി ക്യാമ്പിന് സമീപത്തുനിന്ന് ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ക്യാമ്പിനെ ‘ഭീകരവാദ കേന്ദ്രം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ക്യാമ്പ് ഒഴിപ്പിച്ച ഇസ്രായേൽ സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു.

“അവിടുത്തെ താമസക്കാരെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഒരാൾ ഹൈക്കോടതിയിലുണ്ടെന്നാണ് ഞാൻ കേട്ടത്. എന്നാൽ ഇവർ വെറും താമസക്കാരല്ല, ഭീകരവാദികളാണ്,” നെതന്യാഹു പറഞ്ഞു.

2025 ജനുവരി മുതൽ വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിൻ, നൂർ ഷംസ്, തുൽകാർം എന്നീ മൂന്ന് അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് ആയിരക്കണക്കിന് പലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം ഒഴിപ്പിച്ചത്. തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നായിരുന്നു വിശദീകരണം.

കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ഇതുവരെ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. മടങ്ങിവരവിനുള്ള സമയക്രമം തയ്യാറാക്കണമെന്ന കോടതിയുടെ നിർദേശത്തിനിടെയാണ് തിരിച്ചുപോക്ക് അനുവദിക്കില്ലെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.
Advertisement

NEWSROOMME VIDEOS

View All Videos