ഒക്ടോബർ 10ന് ഇറാനെതിരെ വൻ ആക്രമണത്തിന് നെതന്യാഹു പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്,അനുമതി നൽകാതെ ട്രംപ്
റിപ്പോർട്ട് പ്രകാരം, ഒക്ടോബർ 10-ന് ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്ന ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ബോംബാക്രമണ പദ്ധതിയാണ് ഇസ്രായേൽ സൈന്യം തയ്യാറാക്കിയത്. ഇറാനിലെ ആണവ കേന്ദ്രങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുന്നതായിരുന്നു പദ്ധതി.
എന്നാൽ, അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലയിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർപ്പ് പ്രകടിപ്പിച്ചതോടെ പദ്ധതി നടപ്പാക്കിയില്ലെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ ആക്രമണങ്ങളേക്കാൾ തീവ്രമായ ബോംബാക്രമണ പരമ്പരയാണ് പുതിയ പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പുതുതായി ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇറാനിൽ ആക്രമണം നടത്താവുന്ന ലക്ഷ്യങ്ങളുടെ പുതുക്കിയ പട്ടിക ഇസ്രായേൽ ഉദ്യോഗസ്ഥർ കൈമാറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, പുതിയ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത് ഇറാനെതിരെ ഉടൻ സൈനിക നടപടി ഉണ്ടാകുമെന്നതിന്റെ ഉറപ്പായ സൂചനയല്ല. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചർച്ചകൾക്കിടെ ഇറാനുമേൽ സമ്മർദം വർധിപ്പിക്കുന്നതിനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് വിലയിരുത്തൽ.
വരും ആഴ്ചകളിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ആക്രമണം പുനരാരംഭിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ട്രംപിന്റേതായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാന്റെ ആണവ പദ്ധതിയും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങളും നിലവിലെ പ്രതിസന്ധിയുടെ പ്രധാന ഘടകങ്ങളാണ്. ആഗോള ഊർജ വിതരണത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ആണവ പ്രവർത്തനങ്ങളിലും തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ ഇറാനെ സമ്മർദത്തിലാക്കാനാണ് അമേരിക്കയുടെ ശ്രമം.ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ധാരണ സാധ്യമാകുമോ, അതോ വീണ്ടും സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്നതാണ് ഇനി നിർണായകമാകുന്നത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.