Advertisement
Arab World

ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ല,അവർ മരിച്ചു തീരുകയാണ് :ഇസ്രായേൽ ആക്രമണത്തിൽ ഗസയിലെ ക്രിസ്ത്യൻ സമൂഹവും ഇല്ലാതാവുന്നു

Published: October 05, 2026
ഗസ്സ :ശനിയാഴ്ച പുലർച്ചെ സ്കൂളിൽ പോകാൻ തയ്യാറെടുക്കവേയാണ് പതിനാലുകാരനായ ഫുവാദ് ആ ക്രൂരമായ ദുരന്തവാർത്ത അറിഞ്ഞത്. പടിഞ്ഞാറൻ ഗസ സിറ്റിയിലെ 'അൽ-അസല' പാർപ്പിട സമുച്ചയത്തിനു നേരെ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ തന്റെ അമ്മ മേരി അബു ദാവൂദും മുത്തശ്ശി മൈസയും കൊല്ലപ്പെട്ടിരിക്കുന്നു. പുലർച്ചെ 1.30-ഓടെ നടന്ന ആക്രമണത്തിൽ ഇരുവരുമുൾപ്പെടെ അഞ്ച് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
"സ്ഫോടനത്തിന്റെ ശക്തിയിൽ അമ്മ ഭിത്തിയിലേക്ക് തെറിച്ചുവീണു; മിസൈൽ പതിച്ചതോടെ അതിന്റെ തീജ്വാലകളിൽ പെട്ട് മുത്തശ്ശി വെന്തുമരിക്കുകയായിരുന്നു," തനിക്ക് നേരിട്ട നികത്താനാവാത്ത നഷ്ടത്തെക്കുറിച്ച് ഫുവാദ് വേദനയോടെ പറഞ്ഞു. മാതാപിതാക്കൾ വേർപിരിഞ്ഞതിനു ശേഷം പിതാവിനൊപ്പം താമസിച്ചിരുന്ന ഫുവാദിനോട് ഈ വിവരം പറയാൻ അവൻ ഉണരുന്നതും കാത്തിരിക്കുകയായിരുന്നു പിതാവ്.

ആശുപത്രിയിൽ എത്തിയപ്പോഴേക്കും മൃതദേഹങ്ങൾ അന്ത്യകർമ്മങ്ങൾക്കായി തിരുവസ്ത്രങ്ങൾ അണിയിച്ചുകഴിഞ്ഞിരുന്നു. പിന്നീട് സെന്റ് പോർഫിറിയസ് പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകളിൽ ഗസയിലെ ക്രൈസ്തവ സമൂഹാംഗങ്ങളും ബന്ധുക്കളും പങ്കെടുത്തു.

ഭീതിജനകമായ കാഴ്ചകൾ
യുദ്ധകാലയളവിന്റെ ഭൂരിഭാഗവും ഹോളി ഫാമിലി കാത്തലിക് പള്ളിയിൽ അഭയം പ്രാപിച്ചിരുന്ന മൈസ ഖാദർ ഇബ്രാഹിം അബു ദാവൂദ്, മേരി ഹാഫെസ് മിഷേൽ അൽ-നജ്ജാർ എന്നിവർ അടുത്തിടെയാണ് ഈ അപ്പാർട്ട്മെന്റിലേക്ക് താമസം മാറിയത്. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയും പ്രദേശവാസികളെ സഹായിക്കുകയും ചെയ്തിരുന്ന ഒരു ഡോക്ടറായിരുന്നു മേരിയെന്ന് ദുരന്തത്തിന് സാക്ഷ്യം വഹിച്ച  അയൽവാസിയായ ഇമാദ് കുല്ലാബ് ഓർത്തെടുത്തു. സ്ഫോടന സമയത്ത് നാലാം നിലയിൽ ഉറങ്ങുകയായിരുന്ന തനിക്ക് ചുറ്റുമുള്ള ലോകം കീഴ്മേൽ മറിഞ്ഞ അവസ്ഥയായിരുന്നുവെന്നും, കെട്ടിടാവശിഷ്ടങ്ങൾക്കും തീജ്വാലകൾക്കുമിടയിൽ പരിക്കേറ്റ മനുഷ്യരുടെ നിലവിളികളാണ് കേട്ടതെന്നും ഇമാദ് കുല്ലാബ് പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനായി ആദ്യം ഓടിയെത്തിയ 19-കാരനായ യാസർ അബു ജുബയും ദാരുണമായ കാഴ്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്. ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലെ വാച്ച്മാന്റെ തല മിസൈൽ ചീളുകൾ തട്ടി വേർപെട്ടുപോയതടക്കമുള്ള ഭീതിദമായ രംഗങ്ങൾ തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്ന് യാസർ പറഞ്ഞു.

ഗസയിലെ ക്രൈസ്തവ സമൂഹവും തുടരുന്ന ആക്രമണങ്ങളും
ആയിരത്തിൽ താഴെ മാത്രം അംഗങ്ങളുള്ള ഗാസയിലെ ചെറിയ ക്രൈസ്തവ സമൂഹം നേരിട്ട ഒടുവിലത്തെ സംഭവമാണ് ഇത്.ഈ ദുരന്തം അവർക്ക് താങ്ങാവുന്നതിനും അപ്പുറമാണ്.സംഭവത്തിൽ ജെറുസലേമിലെ ലാറ്റിൻ പാട്രിയാർക്കേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. യുദ്ധം ആരംഭിച്ചതിനു ശേഷം ക്രൈസ്തവ കേന്ദ്രങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നുണ്ട്.

2023 ഒക്ടോബറിൽ സെന്റ് പോർഫിറിയസ് പള്ളി വളപ്പിലുണ്ടായ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു.

2023 ഡിസംബറിൽ ഹോളി ഫാമിലി പാരിഷിൽ വെച്ച് അമ്മയും മകളും കൊല്ലപ്പെട്ടു.

2025 ജൂലൈയിൽ ഹോളി ഫാമിലി പള്ളിയിലുണ്ടായ ആക്രമണത്തിൽ ഇടവക വികാരി ഫാദർ ഗബ്രിയേൽ റോമനെല്ലി ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

"ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ല"
സെന്റ് പോർഫിറിയസ് പള്ളിയിൽ നടന്ന സംസ്കാര ചടങ്ങുകളിൽ ക്രൈസ്തവർക്കൊപ്പം മുസ്ലീം സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിച്ചു. തകർന്നുതരിപ്പണമായ അമ്മയുടെ വീട്ടിൽ നിന്ന് അവശേഷിച്ച അവരുടെ പ്രിയപ്പെട്ട മഗ്ഗ് മാത്രമാണ് ഫുവാദിന് വീണ്ടെടുക്കാനായത്.

"ഇസ്രായേൽ അധിനിവേശം ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിൽ യാതൊരു വ്യത്യാസവും കാണിക്കുന്നില്ല. ഗസയിൽ ഞങ്ങൾ എല്ലാവരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം. ഈ അഭിമുഖത്തിന് ശേഷവും ഞാൻ ജീവനോടെയുണ്ടാകുമോ എന്ന് എനിക്കറിയില്ല," സ്വന്തം ജീവനിൽ പോലും ഉറപ്പില്ലാത്ത അവസ്ഥയിൽ ഫുവാദ് പറഞ്ഞുനിർത്തി.
(കടപ്പാട് :'മിഡിൽ ഈസ്റ്റ് ഐ')

ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക


 
Advertisement

NEWSROOMME VIDEOS

View All Videos