ഏഴ് ഇടക്കാല നിബന്ധനകൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് തുറക്കില്ല,നിലപാട് കടുപ്പിച്ച് വീണ്ടും ഇറാൻ
തെഹ്റാൻ : ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള തങ്ങളുടെ ഏഴ് നിബന്ധനകൾ അമേരിക്ക പൂർണ്ണമായി അംഗീകരിക്കുന്നത് വരെ ഹുർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിക്കിടെ ഇറാൻ മുന്നോട്ടുവെച്ച ഈ വ്യവസ്ഥകൾ പാലിക്കപ്പെടുകയാണെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ സമുദ്ര ഗതാഗതം സാധാരണ നിലയിലാക്കാൻ കഴിയുമെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു.
ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റേയും നയതന്ത്ര നീക്കങ്ങൾ നീട്ടിക്കൊണ്ടുപോകുന്നതിന്റേയും കാലം കഴിഞ്ഞെന്ന് വാഷിംഗ്ടൺ മനസ്സിലാക്കണമെന്നും ഖാലിബാഫ് ഓർമ്മിപ്പിച്ചു. ഇടനിലക്കാർ വഴി യു.എസിന് വിശദമായ മറുപടി കൈമാറിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഘായി സ്ഥിരീകരിച്ചു. ഉപരോധം നീക്കാൻ പകരമായി ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ഇറാൻ സമ്മതിച്ചെന്ന വാർത്തകൾ അദ്ദേഹം പൂർണ്ണമായും തള്ളി. നിലവിൽ യു.എസുമായി ആണവ ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്നും സമുദ്രപാതയിലെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇറാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക നയതന്ത്ര മാർഗം തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ വീണ്ടുമൊരു സൈനിക നടപടിക്ക് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കാൻ ഇറാൻ തയ്യാറാണെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. തങ്ങൾ മുന്നോട്ടുവെച്ച ന്യായമായ വ്യവസ്ഥകൾ അംഗീകരിക്കാൻ വാഷിംഗ്ടൺ തയ്യാറാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ഇറാനുമേൽ വ്യോമാക്രമണം ആരംഭിച്ചതു മുതൽ ഏഴ് മാസത്തിലധികമായി തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഖത്തർ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ സമാധാന ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ യു.എസ് തള്ളിയതോടെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക