സംഘർഷഭീതിക്കിടെ എഎഫ്‌സി എലൈറ്റ് നറുക്കെടുപ്പ്: ഇറാനിയൻ ടീമുകളുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ
തെഹ്റാൻ : ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റിന്റെ (ACL Elite) ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായി. മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന്, ഖത്തർ, യു.എ.ഇ ടീമുകൾക്കെതിരായ മത്സരങ്ങൾ നിഷ്പക്ഷ വേദികളിൽ കളിക്കാൻ ഇറാനിയൻ ക്ലബ്ബുകൾക്ക് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) അനുമതി നൽകി. സെപ്റ്റംബർ 14-നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.തെഹ്‌റാൻ ആസ്ഥാനമായുള്ള എസ്റ്റെഗ്‌ലാൽ, തബ്രിസിൽ നിന്നുള്ള ട്രാക്ടർ എന്നീ ക്ലബ്ബുകളാണ് നിഷ്പക്ഷ വേദികളിൽ കളിക്കുക.
യു.എ.ഇ ക്ലബ്ബുകളായ അൽ ഐൻ, അൽ വാസ്‌ൽ, ഷബാബ് അൽ-അഹ്‌ലി എന്നിവരെയും ഖത്തർ ക്ലബ്ബുകളായ അൽ ഗരാഫ, അൽ സാദ്, അൽ ഷമാൽ എന്നിവരെയുമാണ് ഇവർ നേരിടുക.
ശക്തരായ സൗദി അറേബ്യൻ ടീമുകളെ ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിഞ്ഞത് ഇറാനിയൻ ക്ലബ്ബുകൾക്ക് ആശ്വാസമായി.
ഫെബ്രുവരിയിലെ ആക്രമണങ്ങൾക്ക് പിന്നാലെ, യു.എസ് താവളങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചതിന് മറുപടിയെന്നോണം ഖത്തറിലെയും യു.എ.ഇയിലെയും യു.എസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തിയിരുന്നു.സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന ഇറാന്റെ ആഭ്യന്തര ലീഗ് കഴിഞ്ഞ വാരാന്ത്യത്തിൽ ഭാഗികമായി പുനരാരംഭിക്കുകയായിരുന്നു.
മത്സരത്തിലെ വമ്പൻമാർ
തുടർച്ചയായി മൂന്നാമതും കിരീടം നേടി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന സൗദി ക്ലബ്ബായ അൽ-അഹ്‌ലി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള അൽ-നസർ,അഞ്ചാം കിരീടം തേടുന്ന അൽ-ഹിലാൽ എന്നീ ക്ളബ്ബുകളാണ് സൗദിയിൽ നിന്നുള്ള കരുത്തൻമാർ.മുൻ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയൻ ക്ലബ്ബുകളായ ജിയോൻബുക്ക് ഹ്യുണ്ടായ് മോട്ടോഴ്‌സ്, പോഹാങ് സ്റ്റീലേഴ്‌സ് എന്നിവരും പോരാട്ടത്തിനുണ്ട്.
ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച 8 ടീമുകൾ 'റൗണ്ട് ഓഫ് 16'-ലേക്ക് യോഗ്യത നേടും.
ക്വാർട്ടർ ഫൈനൽ മുതലുള്ള മത്സരങ്ങൾ സൗദി അറേബ്യയിൽ നടക്കും. മെയ് 1-നാണ് ഫൈനൽ പോരാട്ടം.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd