Advertisement
Arab World

അമേരിക്കൻ മണ്ണിൽ ഇറാൻ ഇങ്ങനെ അടിച്ചുകസറുന്നത് ട്രംപ് എങ്ങനെ സഹിക്കും,പ്രതിസന്ധികൾ മറികടന്നുള്ള ഇറാന്റെ മുന്നേറ്റം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു

Published: June 23, 2026
ലൊസാഞ്ചലസ്:ലോകമെമ്പാടും ലോകകപ്പ് ആവേശം കത്തിപ്പടരുമ്പോഴും ഒട്ടേറെ യാതനകളും ദുരിതങ്ങളും മറികടന്ന് അമേരിക്കൻ പുൽമൈതാനങ്ങളിൽ ബൂട്ടുകെട്ടാനിറങ്ങിയ ഇറാൻ ടീമിന്റെ കഴിഞ്ഞ രണ്ടു കളികളിലെയും മുന്നേറ്റം  ഇതിഹാസ സമാനമാണ്.

ലോകകപ്പിലെ തങ്ങളുടെ രണ്ട് മത്സരങ്ങളിലും സമനില പിടിച്ചെടുത്താണ് ഇറാൻ അമേരിക്കൻ മണ്ണിൽ കളിച്ചത്. രണ്ട് കളിയിലും ടീം തോറ്റില്ല. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 2-2 എന്ന നിലയിലും രണ്ടാം പോരാട്ടത്തിൽ കരുത്തരായ ബെൽജിയത്തെ ഗോളടിക്കാൻ സമ്മതിക്കാതെ ഗോൾരഹിത സമനിലയിലും തളച്ചു.

ഓരോ മത്സരത്തിനും നേരിടേണ്ടിവരുന്നത് സമാനതകളില്ലാത്ത ദുരിതങ്ങൾ
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും അമേരിക്കയുമായുള്ള രാഷ്ട്രീയപ്പോരിനിടെയിലുമാണ് ഇറാൻ ഫിഫ ലോകകപ്പ് കളിക്കാനെത്തിയത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള കടുത്ത ഭൗമ രാഷ്ട്രീയ തർക്കങ്ങൾ കാരണം ഇറാൻ ഫുട്ബോൾ ടീം നേരിട്ടത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്. ആതിഥേയ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ക്യാംപ് ചെയ്യാൻ അനുമതിയില്ലാത്തതിനാൽ, തൊട്ടടുത്തുള്ള മെക്സിക്കോയിലാണ് ഇറാൻ ടീം താവളമടിച്ചിരിക്കുന്നത്. അവിടെ നിന്ന് കടുത്ത സുരക്ഷാ പരിശോധനകളും ദീർഘദൂര യാത്രകളും സഹിച്ചാണ് അവർ മത്സരങ്ങൾക്കായി ഓരോ തവണയും അമേരിക്കയിലെ സ്റ്റേഡിയങ്ങളിലേക്ക് എത്തുന്നത്. മത്സര ശേഷം ഉടൻ തന്നെ അവർക്ക് തിരികെ മെക്സിക്കോയിലെ ക്യാംപിലേക്ക് മടങ്ങുകയും വേണം. മത്സരം കഴിഞ്ഞാൽ ടീമിനു അമേരിക്കയിൽ നിൽക്കാൻ അനുവാദമില്ല. എന്നാൽ ഈ പ്രതിബന്ധങ്ങൾക്കിടയിലും അമേരിക്കൻ മണ്ണിൽ തലയുയർത്തിത്തന്നെ നിൽക്കുകയാണ് ഇറാൻ.

 ഓഫ് ദി പിച്ചിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ഇറാൻ അമേരിക്കൻ മണ്ണിൽ തോൽവി അറിയാതെ മുന്നേറുന്നതിനെ സോഷ്യൽ മീഡിയയിൽ ഫുട്ബോൾ ആരാധകർ ട്രോളുകളിലൂടെയും മീമുകളിലൂടെയും ആഘോഷമാക്കുന്നുമുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മുൻനിർത്തിയുള്ള രസകരമായ മീമുകളാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്. ഇറാൻ അമേരിക്കൻ മണ്ണിലിറങ്ങി ആവിടുത്തെ സ്റ്റേഡിയങ്ങൾ സ്വന്തം കളിക്കളം പോലെ ആക്കിയാണ് ഇപ്പോൾ ലോകകപ്പ് കളിക്കുന്നത് എന്നായിരുന്നു ആരാധകരുടെ കമന്റ്. ഇറാൻ ഇങ്ങനെ തോൽക്കാതെ നിൽക്കുന്നത് ട്രംപിന് എങ്ങനെ സഹിക്കാൻ കഴിയും എന്ന ചോദ്യങ്ങളും ആരാധകർ ഉയർത്തുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub
Advertisement

NEWSROOMME VIDEOS

View All Videos