അർജന്റീന ആരാധികയുടെ വംശീയ അധിക്ഷേപം,അന്വേഷണം പ്രഖ്യാപിച്ച് ഫിഫ
ജൂലൈ 3-ന് മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന അർജന്റീനയും കേപ് വെർദെയും (Cape Verde) തമ്മിലുള്ള റൗണ്ട് ഓഫ് 32 മത്സരത്തിനിടെയായിരുന്നു സംഭവം.കളി കാണാനും ലൈവ് സ്ട്രീം ചെയ്യാനുമായി ഗാലറിയിലുണ്ടായിരുന്ന സ്പീഡിനോട് (ഡാരൻ വാട്കിൻസ് ജൂനിയർ), അർജന്റീന ജേഴ്സി ധരിച്ച സ്ത്രീ സ്പാനിഷ് ഭാഷയിൽ "മൃഗശാലയിൽ പോയി ഇരുന്ന് കരയൂ" (Go cry to the zoo) എന്ന് ആക്രോശിക്കുകയായിരുന്നു. കറുത്തവർഗ്ഗക്കാരനായ സ്പീഡിന് നേരെ 'മൃഗശാല' പരാമർശം നടത്തിയത് വംശീയ അധിക്ഷേപമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വലിയ തോതിൽ പ്രതിഷേധമുയർന്നത്. ഈ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ലൈവ് സ്ട്രീമിലൂടെ ദശലക്ഷക്കണക്കിന് ആളുകൾ തത്സമയം കാണുകയും ചെയ്തു.
സംഭവം വിവാദമായതോടെ ഔദ്യോഗിക പ്രസ്താവനയുമായി ഫിഫ രംഗത്തെത്തുകയായിരുന്നു."വംശീയത, വെറുപ്പ്, വിവേചനം എന്നിവയുടെ എല്ലാ രൂപങ്ങളെയും ഫിഫ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രവൃത്തികൾക്ക് ഫുട്ബോളിലോ ലോകകപ്പിലോ സമൂഹത്തിലോ യാതൊരു സ്ഥാനവുമില്ല."ലോകകപ്പ് ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും ബഹുമാനത്തിന്റെയും ആഘോഷമാണെന്നും, ഈ മൂല്യങ്ങളെ തകർക്കുന്ന രീതിയിൽ പെരുമാറുന്ന ആർക്കും ഫുട്ബോളിലേക്ക് സ്വാഗതമില്ലെന്നും ഫിഫ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ഫിഫ ഉടനടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫിഫ, ഫോക്സ് സ്പോർട്സ്, യൂട്യൂബ് എന്നിവരുമായുള്ള പ്രത്യേക കരാറിന്റെ ഭാഗമായാണ് 21 കാരനായ ഐഷോസ്പീഡ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ ഗാലറിയിൽ ഇരുന്ന് ഔദ്യോഗികമായി സ്ട്രീം ചെയ്യുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab