Advertisement
Arab World

യു.എസ്-ഇറാൻ സംഘർഷത്തിൽ ഇന്ത്യക്കുണ്ടായ നഷ്ടങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ,വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യം

Published: August 01, 2026
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ, വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെ വെള്ളിയാഴ്ച ഫോണിൽ ബന്ധപ്പെട്ടാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഏത് ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി ജയശങ്കർ പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സി'ൽ (X) കുറിച്ചു.

"മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചും ചർച്ചകളെക്കുറിച്ചുമുള്ള ഇറാൻ്റെ കാഴ്ചപ്പാട് മനസ്സിലാക്കി. സമാധാനപരമായ ചർച്ചകളെയും നയതന്ത്ര നീക്കങ്ങളെയും ഇന്ത്യ എപ്പോഴും പിന്തുണയ്ക്കുന്നു."അദ്ദേഹം കുറിച്ചു.

അതേസമയം,മേഖലയിൽ തുടരുന്ന സംഘർഷങ്ങളിൽ കേന്ദ്ര സർക്കാർ അതീവ ആശങ്ക പ്രകടിപ്പിച്ചു. 2026-ൽ മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതുമുതൽ ഇന്ത്യക്കാർ നേരിട്ട നാശനഷ്ടങ്ങളുടെ കണക്കുകൾ സർക്കാർ പുറത്തുവിട്ടു.

സംഘർഷത്തിൽ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. (ഒമാൻ - 8, യുഎഇ - 4, കുവൈത്ത് - 2, സൗദി അറേബ്യ - 1, ഇറാഖ് - 1). 75 ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. (യുഎഇ - 32, ഒമാൻ - 24, കുവൈത്ത് - 13, ഖത്തർ - 4, സൗദി അറേബ്യ - 1, ഇസ്രായേൽ - 1).

ഇന്ത്യൻ നാവികരുടെ സുരക്ഷ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ കാബിനറ്റ് സമിതി (CCS) അടിയന്തര യോഗം ചേർന്നു.നാവികർക്കും അവരുടെ കുടുംബങ്ങൾക്കും അടിയന്തര സഹായവും വിവരങ്ങളും ലഭ്യമാക്കാൻ പ്രത്യേക സംവിധാനം ഒരുക്കാൻ യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശം നൽകി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

 
Advertisement

NEWSROOMME VIDEOS

View All Videos