ഇറാനുമായുള്ള ബന്ധത്തിൽ 'ഒരു പുതിയ മനോഭാവം' ആവശ്യമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ്
ന്യൂയോർക്കിൽ യു.എൻ പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിന് മുന്നോടിയായി നടന്ന 'അൽ മോണിറ്റർ' പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ സ്വയം ഒരു പ്രാദേശിക ആധിപത്യ ശക്തിയായി കാണുന്നുവെന്നും, പ്രധാനപ്പെട്ട തന്ത്രപ്രധാന വിഷയങ്ങൾ അമേരിക്കയുമായി ചർച്ച ചെയ്യാനാണ് അവർക്ക് താൽപ്പര്യമെന്നും ഗർഗാഷ് ചൂണ്ടിക്കാട്ടി.ഗൾഫ്-അറബ് മേഖലയെക്കുറിച്ചും അവർ ലക്ഷ്യമിടുന്ന സ്ഥിരതയെക്കുറിച്ചും അതുവഴിയുള്ള വികസനത്തെക്കുറിച്ചുമുള്ള ചർച്ചകൾ ഇറാൻ-അമേരിക്കൻ തലത്തിൽ മാത്രമല്ല നടക്കേണ്ടതെന്നും, ഇറാൻ-അറബ് തലത്തിലും നടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു."കൂടുതൽ നയതന്ത്ര ഇടപെടലുകൾ ആവശ്യമുള്ള സമയമാണിത്,"-അദ്ദേഹം പറഞ്ഞു.
അസ്ഥിരമായ ഒരു ഇറാനെ കുറച്ചുകാലത്തേക്ക് നേരിടേണ്ടി വന്നേക്കാമെന്ന യാഥാർഥ്യം യുഎഇയും മറ്റ് രാജ്യങ്ങളും കണക്കിലെടുക്കണം. ഇറാനിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ഇതിനർത്ഥമില്ലെങ്കിലും, അയൽരാജ്യമായ ഇറാനുമായി മേഖലയിലെ രാഷ്ട്രങ്ങൾ എങ്ങനെ ഇടപെടണമെന്ന് തീരുമാനിക്കുന്നതിൽ ഇതൊരു പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യമൻ വിഷയവും സാമ്പത്തിക ഉപരോധങ്ങളും ഉൾപ്പെടെയുള്ള സങ്കീർണ്ണമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി, നിലവിലെ സംഘർഷം നീണ്ടുനിന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, മുന്നോട്ടുള്ള വഴി കണ്ടെത്തുന്നതിന് കൂടുതൽ നയതന്ത്രപരമായ ഇടപെടലുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4