Advertisement
UAE

10 വർഷത്തെ തടവുശിക്ഷ റദ്ദാക്കി;യൂസുഫുൽ ഖറദാവിയുടെ മകന് യു.എ.ഇ പ്രസിഡന്റിന്റെ പൊതുമാപ്പ്

Published: September 04, 2026
അബുദാബി:അന്തരിച്ച പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ യൂസഫ് അൽ ഖറദാവിയുടെ മകനും അറബ് കവിയുമായ അബ്ദുൽ റഹ്മാൻ യൂസഫ് അൽ ഖറദാവിക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മാപ്പ് നൽകി.അബുദാബി കോടതി അദ്ദേഹത്തിന് 10 വർഷം തടവും 2,00,000 ദിർഹം പിഴയും ശിക്ഷ വിധിച്ചിരുന്നു.എന്നാൽ ശിക്ഷ റദ്ദാക്കിക്കൊണ്ട് സെപ്റ്റംബർ 4 വെള്ളിയാഴ്ച പ്രസിഡണ്ട്  മാപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അദ്ദേഹം അബുദാബിയിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. 

സിറിയയിലെ അസദ് ഭരണകൂടത്തിന്റെ വീഴ്ചയ്ക്ക് ശേഷം ദമാസ്കസിലെ ഉമയ്യദ് മസ്ജിദ് സന്ദർശിച്ച അദ്ദേഹം ഒരു വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ നയങ്ങളെയും ഭരണാധികാരികളെയും വീഡിയോയിൽ അതിരൂക്ഷമായി വിമർശിച്ചതിനെ തുടർന്നാണ്  "രാജ്യത്തിന്റെ പൊതുസുരക്ഷ തകരാറിലാക്കാൻ ശ്രമിച്ചു", "ഭരണാധികാരികളെ അധിക്ഷേപിച്ചു" എന്നീ കുറ്റങ്ങൾ ചുമത്തി യു.എ.ഇ അദ്ദേഹത്തിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

2024 ഡിസംബറിൽ സിറിയയിൽ നിന്ന് ലെബനനിലേക്ക് കടക്കുന്നതിനിടെ അറബ് ഇന്റീരിയർ മിനിസ്റ്റേഴ്സ് കൗൺസിലിന്റെ (AIMC) വാറന്റ് പ്രകാരം ലെബനൻ സുരക്ഷാ സേന അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും, തുടർന്ന് 2025 ജനുവരിയിൽ യു.എ.ഇക്ക് കൈമാറുകയും ചെയ്തു.അബുദാബി ഫെഡറൽ അപ്പീൽ കോടതിയുടെ സൈബർ ക്രൈം വിഭാഗം ചുമത്തിയ  കുറ്റങ്ങളിൽ അബ്ദുൽ റഹ്മാൻ യൂസഫ് അൽ ഖറദാവി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹത്തിന് അപ്പീൽ കോടതി ശിക്ഷവിധിച്ചത്.

ഈജിപ്ഷ്യൻ കവിയായ അബ്ദുൾ റഹ്മാൻ യൂസഫ് അൽ-ഖറദാവി, അറബ് സമൂഹത്തിലെ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെയും അറബി കവിതയുടെ സൗന്ദര്യശാസ്ത്രത്തെയും അഭിസംബോധന ചെയ്ത് നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. അന്തരിച്ച ഈജിപ്ഷ്യൻ ഇസ്‌ലാമിക പണ്ഡിതൻ യൂസഫ് അൽ-ഖറദാവിയുടെ മകനാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

 

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos