ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് ഇന്ന് മൂന്ന് വർഷം,'ഗ്രേറ്റർ ഇസ്രായേൽ' ലക്ഷ്യമിട്ട് ഇസ്രായേൽ വംശീയ ഉന്മൂലനം തുടരുന്നു
2025 ഒക്ടോബറിൽ വെടിനിർത്തൽ കരാർ ഒപ്പുവെച്ചതിന് ശേഷവും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. 2023, 2024, 2025 വർഷങ്ങളിലെ ഭയാനകമായ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ഗസയ്ക്കെതിരായ ഇസ്രായേലിന്റെ സംഘടിതമായ ആക്രമണത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും, ആ ചെറിയ പ്രദേശം ഇപ്പോഴും നിരന്തരം ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.ഡ്രോണുകളുടെ നിരന്തരമായ ഇരമ്പൽ കേട്ടും ദിവസേനയുള്ള ബോംബാക്രമണങ്ങൾ സഹിച്ചുമാണ് ഗസയിലെ ജനങ്ങൾ ഇപ്പോഴും അവിടെ തുടരുന്നത്.
കഴിഞ്ഞ വർഷത്തെ വെടിനിർത്തലിനുശേഷം 1,400-ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതായത് പ്രതിദിനം ശരാശരി നാല് പേർ വീതം കൊല്ലപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ഫലസ്തീനികളുടെ ആകെ മരണസംഖ്യ 74,000 കവിഞ്ഞു.ഗസയാകട്ടെ, വലിയൊരു ഭാഗവും തകർന്നടിഞ്ഞ അവസ്ഥയിലാണ്.
സെപ്റ്റംബർ അവസാനത്തോടെ പുറത്തുവന്ന ഞെട്ടിക്കുന്ന ഗൂഗിൾ മാപ്സ് ചിത്രങ്ങൾ ഈ നാശനഷ്ടങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തുന്നുണ്ട്. ഗാസ മുനമ്പ് ഒരു കെട്ടിടം പൊളിച്ചിട്ട സ്ഥലം പോലെ തീർത്തും വിജനമാണ്.പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ ഗസയിലെ 82 ശതമാനം കെട്ടിടങ്ങളും തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ആകെ 1,34,422 കെട്ടിടങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു.
ഗസയിലെ ജലവിതരണ-ശുചിത്വ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഇസ്രായേൽ നടത്തിയ ബോധപൂർവമായ ആക്രമണങ്ങൾ പ്രമുഖ ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ 'ബിറ്റ്സെലെം' (B’Tselem) രേഖപ്പെടുത്തിയിട്ടുണ്ട്.ജീവന് രക്ഷയേകുന്ന മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ മാനുഷിക സഹായങ്ങൾ ലഭ്യമാക്കുന്നതിൽ ഇസ്രായേൽ നിയന്ത്രണങ്ങൾ തുടരുകയാണെന്നും, ഇത് നിലവിലുള്ള മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടി.ഗസയിലേക്ക് സംഭാവനയായി നൽകിയ 900-ലധികം വീൽചെയറുകൾ കടത്തിവിടാൻ ഇസ്രായേൽ വിസമ്മതിച്ചതിനെതിരെ രണ്ട് ഓസ്ട്രേലിയൻ ജീവകാരുണ്യ സംഘടനകൾ അടുത്തിടെ പരാതി നൽകിയിരുന്നു. പരിക്കേറ്റ പലസ്തീൻ കുട്ടികൾക്ക് ഈ വീൽചെയറുകൾ അത്യന്താപേക്ഷിതമാണ്; ലോകത്ത് ജനസംഖ്യാടിസ്ഥാനത്തിൽ നോക്കുമ്പോൾ, അംഗഭംഗം സംഭവിച്ച കുട്ടികൾ ഏറ്റവും കൂടുതലുള്ളത് ഇപ്പോൾ ഗസയിലാണ്.
കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തൽ കരാർ ഒപ്പുവെച്ചപ്പോൾ ഗസയുടെ ഏകദേശം 53 ശതമാനം പ്രദേശവും ഇസ്രായേലിന്റെ നിയന്ത്രണത്തിലായിരുന്നു. ആ വെടിനിർത്തൽ കാലയളവിനെ തങ്ങളുടെ നിയന്ത്രണം കൂടുതൽ വ്യാപിപ്പിക്കാനുള്ള അവസരമായാണ് അവർ ഉപയോഗിച്ചത്.അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ ലോകശ്രദ്ധയും വാർത്താമാധ്യമങ്ങളുടെ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കെ, ഗസ മുനമ്പിന്റെ ഏകദേശം 70 ശതമാനവും ഇസ്രായേൽ കയ്യടക്കുകയായിരുന്നു.അതേസമയം,ഈ മേഖലകളിൽ നിന്ന് പിന്മാറാനുള്ള യാതൊരു പദ്ധതിയും ഇസ്രായേലിനുള്ളതായി ഇതുവരെ സൂചനകളൊന്നുമില്ല."ഗ്രേറ്റർ ഇസ്രായേൽ" (വിപുലമായ ഇസ്രായേൽ) എന്ന തങ്ങളുടെ പദ്ധതി നടപ്പിലാക്കാനുള്ള അവസരമായാണ് ഇസ്രായേൽ ഒക്ടോബർ 7-ലെ ആക്രമണത്തെ ഉപയോഗപ്പെടുത്തിയത് എന്നത് വ്യക്തമാണ്.
വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ ആക്രമണപരമ്പരകൾ അവരുടെ വിപുലീകരണ പദ്ധതിയുടെ തന്നെ ഭാഗമാണെന്ന് ഐക്യരാഷ്ട്ര ഉൾപെടെ സമ്മതിച്ചിട്ടുണ്ട്.ഫലസ്തീൻ ജനവിഭാഗങ്ങളെ "വംശീയമായി ഉന്മൂലനം ചെയ്യൽ" (ethnic cleansing) എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ ഈ വെസ്റ്റ് ബാങ്ക് പദ്ധതിയെ അടുത്തിടെ വിശേഷിപ്പിച്ചത്.
ഇതോടൊപ്പം, ലെബനനിലും സിറിയയിലും ഇസ്രായേൽ തങ്ങളുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നെതന്യാഹു പിന്തുണയ്ക്കുന്ന "ഗ്രേറ്റർ ഇസ്രായേൽ" എന്ന സങ്കൽപ്പം, ഇറാഖിലെ യൂഫ്രട്ടീസ് നദി മുതൽ ഈജിപ്തിലെ നൈൽ നദി വരെ വ്യാപിച്ചുകിടക്കുന്ന ബൈബിൾ കാലഘട്ടത്തിലെ അതിർത്തികളെയാണ് വിഭാവനം ചെയ്യുന്നത്.
അമേരിക്കൻ പിന്തുണ
"ഇസ്രായേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച സുഹൃത്ത്" എന്ന് ഈ വർഷം ആദ്യം സ്വയം വിശേഷിപ്പിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ ആഗ്രഹിക്കുന്നതെന്തും നേടാൻ അവരെ അനുവദിക്കുകയും അതേസമയം തന്നെ ഫലസ്തീനിലെ നരഹത്യകൾക്കെതിരെ കുറ്റകരമായ മൗനം പാലിക്കുകയും ചെയ്യുന്നതിൽ അമേരിക്കയിൽ തന്നെ കടുത്ത വിമർശനങ്ങൾ നേരിടുന്നുണ്ട്.ഇതോടൊപ്പം തന്നെ ജനുവരിയിൽ, ട്രംപ് "ബോർഡ് ഓഫ് പീസ്" (സമാധാന സമിതി) രൂപീകരിക്കുകയും അതിൽ ഔദ്യോഗികമായി അധ്യക്ഷത വഹിക്കുകയും ചെയ്തിരുന്നു. കൂടാതെ ഗാസയിൽ സമാധാനം കൊണ്ടുവരുമെന്ന് അവകാശപ്പെടുന്ന ഒരു പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചെങ്കിലും പിന്നീട് അതേകുറിച്ച് എന്തെങ്കിലും പ്രതികരണം നടത്തിയതായി കണ്ടിട്ടില്ല. ഇസ്രായേൽ ദിവസവും വെടിനിർത്തൽ കരാർ ലംഘിക്കുകയും ഗസയിലുള്ള തങ്ങളുടെ നിയന്ത്രണം വിപുലീകരിക്കുകയും ചെയ്യുമ്പോൾ ഈ സമിതി വെറും നോക്കുകുത്തിയായി മാറുകയാണ് ഉണ്ടായത്.കാലക്രമത്തിൽ ഈ സമിതി ഇസ്രായേലിന്റെ നിലപാടുകൾ തന്നെ സ്വീകരിച്ചുതുടങ്ങി എന്നതും മറ്റൊരു വിരോധാഭാസമാണ്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക