Advertisement
Arab World

'വിമാനറാഞ്ചൽ' ട്രംപിനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള പദ്ധതിയെന്ന് ഇറാൻ,'ഗസയിലെ കശാപ്പുകാര'നെ സ്വീകരിച്ച യു.എ.ഇക്കും വിമർശനം

Published: October 02, 2026
തെഹ്റാൻ : വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജയിക്കാനും സ്വന്തം രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാനും വേണ്ടി  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാനെതിരെ പുതിയൊരു യുദ്ധം ആസൂത്രണം ചെയ്യുകയാണെന്ന് ഇറാൻ ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വീണ്ടും പ്രതിസന്ധിയിലേക്ക് വലിച്ചിഴച്ച് ഇറാനെതിരെ ആക്രമണം നടത്താൻ ഇസ്രായേൽ ആസൂത്രണം ചെയ്ത 'ഫോൾസ്-ഫ്ലാഗ്' (വ്യാജ നാടകം) ഓപറേഷനാണ് ഫ്ലൈ ദുബായ് വിമാന റാഞ്ചൽ പദ്ധതിയെന്നും ഇറാൻ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസ്സ് ടിവി റിപ്പോർട്ട് ചെയ്തു. 

യു.എ.ഇയിൽ നിന്ന് ഇസ്രായേലിലേക്ക് പുറപ്പെട്ട 'ഫ്ലൈ ദുബായ്' വിമാനം റാഞ്ചുകയും പിന്നീട് സൗദി അറേബ്യയിൽ ഇറക്കുകയും ചെയ്ത 'അസംബന്ധ സാഹചര്യമാണ്' ബുധനാഴ്ച ഉണ്ടായതെന്ന് പ്രസ് ടിവി റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന സൈനിക-ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കൊപ്പം നെതന്യാഹു നടത്തിയ യു.എ.ഇ സന്ദർശന വേളയിലാണ് ഈ പദ്ധതിക്ക് അന്തിമരൂപം നൽകിയത്. യു.എ.ഇയെ കൂടാതെ മറ്റ് ചില അറബ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെക്കൂടി പങ്കാളികളാക്കി, ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഇറാനുമേൽ കെട്ടിവെക്കാൻ ലക്ഷ്യമിട്ടാണ് ഗൂഢാലോചന നടത്തിയതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.

നെതന്യാഹുവിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ

നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ പാർലമെന്റായ നെസെറ്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നാൽ നെതന്യാഹുവിന്റെ സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കില്ലെന്ന ഭയമാണ് ഈ നീക്കത്തിന് പിന്നിൽ. പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടാൽ ശേഷിക്കുന്ന കാലം ജയിലിൽ കഴിയേണ്ടി വരുമെന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. ട്രംപിലും അമേരിക്കൻ ഭരണകൂടത്തിലും തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് ഇറാനെതിരെ ഒരു സമ്പൂർണ്ണ യുദ്ധത്തിനൊരുങ്ങാനും, അമേരിക്കയുടെ ആയുധങ്ങളും സാമ്പത്തിക ശേഷിയും ഉപയോഗിച്ച് തന്റെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുമാണ് നെതന്യാഹു ശ്രമിക്കുന്നത്.

അതേസമയം, അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇത്തരം ശത്രുതാപരമായ നീക്കങ്ങളെ സക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വ്യാജ നാടകങ്ങൾക്ക് കടുത്തതും വിനാശകരവുമായ തിരിച്ചടി നൽകാൻ സജ്ജമാണെന്നും ഇറാനിയൻ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നെതന്യാഹു നടത്തിയ അടച്ചിട്ട മുറിയിലെ ചർച്ചകൾക്ക് പിന്നാലെ, ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി അബുദാബിക്ക് കർശന മുന്നറിയിപ്പ് നൽകി. "ഗാസയിലെ കശാപ്പുകാരനെ" സ്വീകരിക്കുന്നത് യു.എ.ഇക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നും അബു മൂസ, ഗ്രേറ്റർ ടുൺബ്, ലെസ്സർ ടുൺബ് എന്നീ ഇറാനിയൻ ദ്വീപുകളിന്മേലുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉപേക്ഷിച്ച് മുൻ യുദ്ധങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാന്തരമായി, മേഖലയിലെ ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രകോപനപരമായ സന്ദർശനത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
Advertisement

NEWSROOMME VIDEOS

View All Videos