Advertisement
Bahrain

ബഹ്‌റൈനിൽ വൻ മയക്കുമരുന്ന് വേട്ട: 16 കിലോ ലഹരിമരുന്നുമായി 19 പേർ അറസ്റ്റിൽ

Published: September 24, 2025
മനാമ: 16 കിലോഗ്രാം വരുന്ന ലഹരിമരുന്ന് കൈവശം വെച്ച 19 പേരെ ബഹ്‌റൈൻ പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് ഏകദേശം 1,13,000 ദിനാറിന് (2.6 കോടി രൂപ) മുകളിൽ വിലവരുമെന്ന് അധികൃതർ അറിയിച്ചു. എയർ ഫ്രൈറ്റ് കമ്പനിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ വിവിധ രാജ്യക്കാരായ 19 പേരെയാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. അറസ്റ്റിലായവരുടെ ഫോട്ടോ പങ്ക് വച്ചെങ്കിലും വ്യക്തിഗത വിവരങ്ങൾ പോലിസ് പുറത്തിവിട്ടിട്ടില്ല. 
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസ് ജനറൽ ഡയറക്ടറേറ്റിലെ ആന്റി-നാർക്കോട്ടിക്സ് വിഭാഗം നടത്തിയ സുരക്ഷാ പരിശോധനകളിലാണ് ലഹരിമരുന്ന് വേട്ട നടന്നത്. രാജ്യത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ ലഹരി വേട്ട ആണിത്. ലഹരിമരുന്ന് കൈമാറാൻ ശ്രമിക്കുന്നതിനെക്കുറിച്ച് പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഉടൻതന്നെ വിവരങ്ങളും തെളിവുകളും ശേഖരിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കൈയോടെ പിടികൂടുകയുമായിരുന്നു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് എവിഡൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
അതേസമയം ലഹരിമരുന്ന് കടത്തുമായോ വിതരണവുമായോ ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 996 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ, 996@interior.gov.bh എന്ന ഇമെയിൽ വഴിയോ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CtoEHfFq0qo2AQky7j1xx4

YOU MAY LIKE

View All Bahrain
Advertisement

NEWSROOMME VIDEOS

View All Videos