Advertisement
Saudi Arabia

സംഗീതപരിപാടിക്ക് ടിക്കറ്റ് തരുന്നയാളെ വിവാഹചെയ്യാം,ഫാദൽ ഷാക്കറുടെ ആരാധികയുടെ പോസ്റ്റിന് മറുപടിയുമായി ഗായകന്റെ മകൻ

Published: October 10, 2026
ദുബായ്: പ്രശസ്ത ലെബനീസ് ഗായകൻ ഫാദൽ ഷാക്കറുടെ റിയാദിലെ സംഗീത പരിപാടിക്ക് ടിക്കറ്റ് സംഘടിപ്പിച്ചു തരുന്ന ആരെയും വിവാഹം കഴിക്കാമെന്ന് തമാശരൂപേണ വാഗ്ദാനം ചെയ്ത ആരാധികയ്ക്ക് ഗായകന്റെ കുടുംബത്തിൽ നിന്നും അപ്രതീക്ഷിത മറുപടി. നിബാൽ റദ്‌വാൻ എന്ന ലെബനീസ് യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

വിസ, വിമാനയാത്ര, താമസം എന്നിവയുൾപ്പെടെ സൗദി അറേബ്യയിലേക്കുള്ള മുഴുവൻ യാത്രാ ക്രമീകരണങ്ങളും യുവതി പൂർത്തിയാക്കിയിരുന്നു. എന്നാൽ, ഏറെക്കാലമായി കാത്തിരുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഇതിനകം പൂർണ്ണമായും വിറ്റുതീർന്നിരുന്നു. ഗായകന്റെ തത്സമയ പ്രകടനം കാണാൻ 14 വർഷമായി കാത്തിരുന്ന യുവതി, ഒടുവിൽ ടിക്കറ്റിനു പകരമായി വിവാഹം എന്ന അസാധാരണ നിർദ്ദേശവുമായി രംഗത്തെത്തുകയായിരുന്നു.

ഗായകന്റെ മകന്റെ അപ്രതീക്ഷിത മറുപടി
യുവതിയുടെ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ട ഗായകന്റെ മകൻ മുഹമ്മദ് ഫദ്ൽ ഷാക്കർ ഇൻസ്റ്റാഗ്രാമിലൂടെ നേരിട്ട് മറുപടി നൽകി. ടിക്കറ്റ് ശരിയാക്കിത്തരാമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.

"അതങ്ങ് ഉറപ്പിച്ചേക്കൂ. വിഷമിക്കുകയോ തളരുകയോ വേണ്ട. നിങ്ങളെ ഇവിടെ ലഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമേയുള്ളൂ."-മുഹമ്മദ് ഫദ്ൽ ഷാക്കർ മറുപടി നൽകി.മറുപടിയിൽ അതീവ സന്തോഷവതിയായ റദ്‌വാൻ, തന്റെ സന്തോഷം  സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു.

റിയാദ് സീസൺ വിനോദ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 22, 23 തീയതികളിൽ റിയാദിലെ അബൂബക്കർ സലീം തിയേറ്ററിലാണ് ഫാദൽ ഷാക്കറുടെ സംഗീത പരിപാടികൾ നടക്കുന്നത്. രണ്ട് പരിപാടികളുടെയും ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നതായി സംഘാടകർ സ്ഥിരീകരിച്ചു.അതേസമയം, ടിക്കറ്റ് വാങ്ങൽ ഇടപാടുകളിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് നിരവധി ബുക്കിംഗുകൾ റദ്ദാക്കിയിട്ടുണ്ട്. പണം തിരികെ നൽകുമെന്നും, അനധികൃത പുനർവിൽപ്പന തടയുന്നതിന്റെ ഭാഗമായി ഈ ടിക്കറ്റുകൾ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ വീണ്ടും ലഭ്യമാക്കുമെന്നും സംഘാടകർ അറിയിച്ചു.

14 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്
'അവ്ദത് അൽ ഗായെബ്' (അസാന്നിധ്യത്തിൽ നിന്നുള്ള തിരിച്ചുവരവ്) എന്ന് പേരിട്ടിരിക്കുന്ന ഈ സംഗീതപരിപാടിയിലൂടെ ഏകദേശം 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാക്കർ പ്രധാനപ്പെട്ട ലൈവ് പ്രകടനങ്ങളിലേക്ക് തിരിച്ചെത്തുകയാണ്. 
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക
Advertisement

NEWSROOMME VIDEOS

View All Videos