ഹൂതി ആക്രമണം പ്രതിരോധിക്കാൻ യു.എസിനും സൗദിക്കും കൃത്യമായ പദ്ധതികളില്ലെന്ന് സി.എൻ.എൻ
ഈ വർഷം ആദ്യം ഇറാൻ ചെയ്തതുപോലെ, വാണിജ്യ കപ്പൽ ഗതാഗതത്തിനായുള്ള മറ്റൊരു പ്രധാന ജലപാത കൂടി അടച്ചുപൂട്ടാൻ ഹൂതികൾ ശ്രമിക്കുമെന്ന് മാസങ്ങളായി തങ്ങളുടെ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുഎസ് ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് പറഞ്ഞു.ഹൂതികളെ നേരിടാൻ സൗദി പിന്തുണയുള്ള യെമൻ സർക്കാരിന് ഫലപ്രദമായ പരിശീലനം നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ ഒരു ദശാബ്ദമായി സൗദി അറേബ്യ ഉറപ്പുനൽകുന്നുണ്ട്.എന്നാൽ, ഹൂതികളെ തുരത്താൻ സൗദിക്ക് ശേഷിയില്ലെന്ന് അമേരിക്ക ഇപ്പോഴും വിശ്വസിക്കുന്നതായി രണ്ട് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.സി.എൻ.എന്നിനെ ഉദ്ധരിച്ച് 'മിഡിൽ ഈസ്റ്റ് ഐ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ക്യാമ്പ് ഡേവിഡിലെ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപ്രതീക്ഷിതമായി യാത്ര വെട്ടിച്ചുരുക്കി ശനിയാഴ്ച വൈറ്റ് ഹൗസിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് സിഎൻഎന്നിന്റെ ഈ റിപ്പോർട്ട് പുറത്തുവന്നത്.
മേരിലാൻഡിലെ ഗ്രാമപ്രദേശങ്ങളിലെ മഴയും ഇടിമിന്നലും കാരണം ഷെഡ്യൂളിൽ മാറ്റം വരുത്തിയതിനാൽ നേരത്തെയുള്ള മടക്കയാത്രയ്ക്ക് ഭരണകൂടം ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല.
ശനിയാഴ്ച പുലർച്ചെ റിയാദിൽ ഹൂതികൾ നടത്തിയ ഒരു ബാലിസ്റ്റിക് മിസൈൽ വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഒരു ഇന്ധന ഡിപ്പോയിൽ തീപിടുത്തമുണ്ടാവുകയും അരാംകോ ലോഗോ പതിച്ച ടാങ്കറിന് തീപിടിക്കുകയും ചെയ്തിരുന്നു.പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം,ആക്രമണത്തിന് മുമ്പ് പ്രദേശത്തെ താമസക്കാർക്ക് വീടുകളിൽ തന്നെ കഴിയാൻ സുരക്ഷാ മുന്നറിയിപ്പ് നൽകിയതാണ് അപകടത്തിന്റെ വ്യാപ്തികുറയാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.അപ്രതീക്ഷിതമായി സംഘർഷം മൂർച്ഛിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി, മേഖലയിലെ നിരവധി യുഎസ് എംബസികളും അമേരിക്കൻ പൗരന്മാർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു.
യമനിലെ ചെങ്കടൽ തീരപ്രദേശത്തിന്റെയും നിർണായകമായ ബാബ് അൽ-മൻദെബ് കടലിടുക്കിന്റെയും പൂർണ്ണ നിയന്ത്രണം പിടിച്ചെടുക്കാൻ ഹൂതികൾ നടത്തുന്ന വിപുലവും ശക്തവുമായ നീക്കങ്ങളുടെ ഭാഗമാണ് വാരാന്ത്യത്തിൽ നടന്ന ആക്രമണങ്ങളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൗദി അറേബ്യയുടെ സൈനിക ശേഷിയുടെ പരിമിതികൾ വെളിപ്പെടുത്തുന്നതാണ് ഈ ആക്രമണമെന്നാണ് യു.എസ് മാധ്യമങ്ങൾ തന്നെ വിലയിരുത്തുന്നത്.അതേസമയം, ആഭ്യന്തര അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ (മിസൈൽ ഇന്റർസെപ്റ്ററുകൾ) ശേഖരം അപകടകരമാംവിധം കുറഞ്ഞതിനെത്തുടർന്ന്, ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്ഥാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് സൗദി അറേബ്യ അടിയന്തര വ്യോമപ്രതിരോധ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4