അനധികൃത സ്വത്ത് സമ്പാദനം,മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിൽ അദ്ദേഹത്തിന് നാല് വർഷം തടവും 30,80,000 രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. വിധി പ്രസ്താവിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലൻസ് കേസ്. അന്വേഷണത്തിൽ അദ്ദേഹത്തിന് ലഭിച്ച വരുമാനത്തേക്കാൾ 135.80 ശതമാനം അധിക സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. 2013-ൽ സമർപ്പിച്ച കുറ്റപത്രത്തിൻമേലുള്ള വിചാരണ നീണ്ടുപോയതിനെ തുടർന്ന് കേസ് അതിവേഗം തീർപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് കോട്ടയം വിജിലൻസ് കോടതി കേസ് അതിവേഗം കേസ് പരിഗണിച്ച് വിധി പ്രസ്താവിച്ചത്.
ഇതിലും വലിയൊരു ശിക്ഷാവിധി താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും വിവിധ സ്ഥലങ്ങളിലായി തച്ചങ്കരിക്ക് ഭീമമായ ആസ്തിയാണുള്ളതെന്നും 2021 വരെയുള്ള കാലയളവിലെ അദ്ദേഹത്തിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ നൽകുമെന്നും പരാതിക്കാരനായ ബോബി കുരുവിള പറഞ്ഞു.. എന്നാൽ, തനിക്കുള്ളത് പാരമ്പര്യമായി ലഭിച്ച സമ്പാദ്യമാണെന്നും അനധികൃതമായി ഒന്നും നേടിയിട്ടില്ലെന്നുമായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ വിടുതൽ ഹരജി കോടതി തള്ളുകയായിരുന്നു. കെഎസ്ആർടിസി എംഡി, ഫയർഫോഴ്സ് മേധാവി ഉൾപ്പെടെ കേരള പൊലീസിൽ നിരവധി ഉന്നത പദവികൾ വഹിച്ച ശേഷം 2023-ലാണ് ടോമിൻ തച്ചങ്കരി സർവീസിൽ നിന്ന് വിരമിച്ചത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4