റിയാദിൽ സുരക്ഷാ ഭീഷണി വർധിക്കുന്നു, ജനജീവിതത്തെ ബാധിച്ചു തുടങ്ങി
ഹൂതികളുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദി അറേബ്യയിൽ പ്രതിസന്ധി വ്യാപിക്കുകയാണ്. ഇതിന്റെ ഭാഗമായി, റിയാദ് നഗരമധ്യത്തിലുള്ള, ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) പ്രാദേശിക ഓഫീസ് പ്രവർത്തിക്കുന്ന 99 നിലകളുള്ള 'കിംഗ്ഡം സെന്റർ'(Kingdom Centre), തങ്ങളുടെ ഓഫീസുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോട് അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ജീവനക്കാരോട് നിർബന്ധമായും 'റിമോട്ട് വർക്ക്' (വീട്ടിലിരുന്ന് ജോലി ചെയ്യൽ) തുടരാൻ നിർദേശിച്ചിട്ടുണ്ട്.ഇത്തരമൊരു നിർദേശത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, സമീപ ആഴ്ചകളിൽ സൗദി ലക്ഷ്യമാക്കി ഹൂതികൾ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയത് ഇതിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.സൗദി തലസ്ഥാനത്തെ സർക്കാർ ഏജൻസികൾ തിങ്കളാഴ്ച മുതൽ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ (വർക്ക് ഫ്രം ഹോം) നിർദ്ദേശിച്ചതായി ഒരു ജീവനക്കാരനെയും രണ്ട് കൺസൾട്ടന്റുകളെയും ഉദ്ധരിച്ച് എഎഫ്പി (AFP) റിപ്പോർട്ട് ചെയ്തു.സൗദി തലസ്ഥാനത്തും പരിസരപ്രദേശങ്ങളിലുമുള്ള സ്കൂളുകളിൽ ഓൺലൈൻ പഠനം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് റിയാദ് വിമാനത്താവളം ദീർഘനേരം അടച്ചിട്ടതും വിമാന സർവീസുകൾ നിർത്തിവെച്ചതും ജങ്ങൾക്കിടയിൽ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.തലസ്ഥാന നഗരിയിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം ഒരാഴ്ചയിലേറെ മുടങ്ങിയത് ബിസിനസ്സുകളെയും വിമാനക്കമ്പനികളെയും സാധാരണക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.കൂടാതെ, 'മരുഭൂമിയിലെ ദാവോസ്' (Davos in the desert) എന്നറിയപ്പെടുന്ന പ്രധാന നിക്ഷേപ ഫോറം ഉൾപ്പെടെയുള്ള നിരവധി പരിപാടികൾ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വന്നു.
"റിയാദ് വിമാനത്താവളത്തിലേക്കോ മറ്റ് വിമാനത്താവളങ്ങളിലേക്കോ നേരിട്ട് മിസൈലുകൾ അയക്കാൻ തുടങ്ങുമ്പോൾ, പ്രവർത്തനങ്ങൾ അതേപടി തുടരാൻ കഴിയില്ല," എന്ന് ദുബായിലും അയർലൻഡിലും പ്രവർത്തിക്കുന്ന, പൈലറ്റായും എയർ ട്രാഫിക് കൺട്രോളറായും പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഏവിയേഷൻ വിദഗ്ധൻ ക്യാപ്റ്റൻ ഡെസ്മണ്ട് റോസ് 'ഗൾഫ് ന്യൂസി'നോട് പറഞ്ഞു."വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം, മറ്റു സ്ഥലങ്ങളിൽ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മിഡിൽ ഈസ്റ്റ് സംഘർഷങ്ങളിൽ, ഗൾഫ് രാജ്യങ്ങളിലോ അറബ് രാജ്യങ്ങളിലോ മറ്റേതൊരു സ്ഥലത്തെക്കാളും രൂക്ഷമായ രീതിയിൽ റിയാദ് ഇതിന്റെ ആഘാതം അനുഭവിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു" അദ്ദേഹം എഎഫ്പിയോട് പറഞ്ഞു.
റിയാദ് ഉൾപെടെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ മുന്നറിയിപ്പുകൾ ആവർത്തിക്കുന്നതും ജനങ്ങളിൽ വലിയരീതിയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെല്ലാം ഭേദിച്ച്,തലസ്ഥാന നഗരിയിലെ വിമാനത്താവളം ഉൾപെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ഹൂതികൾക്ക് തുടർച്ചയായ ആക്രമണം നടത്താൻ കഴിയുന്നത് എങ്ങിനെയെന്ന ചോദ്യം ഫലത്തിൽ വിരൽ ചൂണ്ടുന്നത് സൗദിയുടെ പ്രതിരോധ ശേഷിയിലുള്ള പോരായ്മയിലേക്ക് തന്നെയാണ്.ഇതിനിടെ കഴിഞ്ഞ ദിവസം യെമൻ അതിർത്തിക്കടുത്തുള്ള നജ്റാനിൽ ഹെലികോപ്റ്റർ തകർന്നു വീണതിനെത്തുടർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ട സംഭവം 'സാങ്കേതിക തകരാർ' ആണെന്ന് സൗദി സഖ്യസേന വിശദീകരിക്കുന്നുണ്ടെങ്കിലും ഇതേ മേഖലയിൽ വെച്ച് "സൗദിയുടെ ഒരു അപ്പാച്ചെ ഹെലികോപ്റ്റർ തങ്ങൾ വെടിവെച്ചിട്ടതായി" ഹൂതികൾ അവകാശപ്പെട്ടു.ജൂലൈയിൽ ഹൂതികളുമായുള്ള യുദ്ധം വീണ്ടും രൂക്ഷമായതിനുശേഷം, സഖ്യസേനയ്ക്ക് ആദ്യമായാണ് സൈനികരുടെ ജീവൻ നഷ്ടപ്പെടുന്നത്.
2026 ഫെബ്രുവരി 28-ന് യു.എസ്-ഇറാൻ യുദ്ധം തുടങ്ങിയ ശേഷം പാട്രിയറ്റ് PAC-3 MSE പ്രതിരോധ മിസൈലുകൾ ഉൾപെടെ ഏകദേശം 9.5ബില്യൺ ഡോളറിന്റെ ആയുധ ഇടപാടുകളാണ് സൗദിയും യു.എസും തമ്മിൽ നടത്തിയിട്ടുള്ളത്.എന്നാൽ ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.