എന്റെ മോൻ അങ്ങനെ ചെയ്യില്ല,മയക്കുമരുന്ന് കേസിൽ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനായ പെരിങ്ങാടി സ്വദേശിയെ സുഹൃത്ത് ചതിച്ചതാണെന്ന് കുടുംബവും സുഹൃത്തുക്കളും
എന്റെ മോന്‍ നിരപരാധിയാണെന്നും തെറ്റായതൊന്നും ചെയ്യില്ലെന്നും മാതാവ് കണ്ണീരോടെ പറയുന്നു. ജയിലിലാകുന്നതിന് മുൻപ്, ‘ഉമ്മാ, ഞാന്‍ നാട്ടില്‍ വരുകയാണ്, ഉമ്മ എയര്‍പോര്‍ട്ടില്‍ കൂട്ടാന്‍ വന്നോളൂ' എന്ന് അറിയിച്ചിരുന്നു. കൂട്ടിക്കൊണ്ടുവരാന്‍ ഞാനും ഓന്റെ ഭാര്യ മിസിരിയയും മക്കളും പോയിരുന്നു. എന്നാല്‍ വിമാനം വന്നിട്ടും മോനെ മാത്രം കണ്ടില്ല’ മാതാവ് ഷാഹിദ വേദനയോടെ പറഞ്ഞു.അബൂട്ടിയുടെ വധശിക്ഷ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് നടപ്പാക്കിയത്.
മയ്യിത്ത് സൗദിയിൽ തന്നെ ഖബറടക്കിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
2023ലാണ് ഒമാനില്‍ നിന്ന് റോഡ് മാര്‍ഗം സഊദിയിലേക്ക് അതിര്‍ത്തികടന്ന ലാന്‍ഡ് ക്രൂയിസര്‍ കാറില്‍ നിന്ന് 43 കിലോഗ്രാം മാരകലഹരി മരുന്ന് ശേഖരം സുരക്ഷാസേന പിടിച്ചെടുത്തത്. തുടര്‍ന്ന് ഡ്രൈവറായിരുന്ന അബൂട്ടിയെ അറസ്റ്റ് ചെയ്തു. ഒരു പാഴ്‌സലാണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാള്‍ തനിക്ക് നല്‍കിയതാണെന്നും അതില്‍ മയക്കുമരുന്നാണെന്ന് അറിയില്ലായിരുന്നുവെന്നുമുള്ള സത്യാവസ്ഥ അബൂട്ടി പോലീസിനോടും വിചാരണാവേളയില്‍ കോടതിയിലും പറഞ്ഞെങ്കിലും സ്വീകാര്യമായില്ല. മയക്കുമരുന്ന് കണ്ടെത്തിയ കാര്‍ അബൂട്ടിയുടെ പേരിലായിരുന്നതും കുരുക്കായി. നിര്‍ധനനായ ആബൂട്ടിക്ക് നാട്ടിലോ ഗള്‍ഫിലോ സ്വന്തമായി കാറുണ്ടായിരുന്നില്ല. ഇക്കാര്യത്തിലും വന്‍ ചതിയാണ് നടന്നതെന്ന് കുടുംബം പറയുന്നു. ജയിലില്‍ കഴിയുന്ന ആബൂട്ടിയുടെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ച് സൗദി ഇന്ത്യന്‍ അംബാസഡര്‍ ഷെറി വിപുലിന് മാതാവും ഭാര്യയും സഹോദരിമാരായ ഷക്കീല, സപ്ഹീം, സമീറ എന്നിവരും ദയാഹരജി നല്‍കിയിരുന്നു.
ഇതിനിടെ,അബൂട്ടിയുടെ വീട് സന്ദർശിച്ചശേഷം അബ്ദുന്നാസർ എന്ന സാമൂഹിക പ്രവർത്തകനും ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.മാഹി പാലത്തിനടുത്ത് ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ്മാനായിരുന്ന പിതാവിന്റെ വിയോഗത്തിന് ശേഷം കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അബൂട്ടി. വൃദ്ധയായ മാതാവ്, ഭാര്യ, രണ്ട് ചെറിയ പിഞ്ചുമക്കൾ, ഒരു സഹോദരി എന്നിവരടങ്ങുന്നതാണ് ഈ നിർധന കുടുംബം. അബൂട്ടിയുടെ അപ്രതീക്ഷിത വിയോഗത്തോടെ താങ്ങാനാവാത്ത കണ്ണീരിലും നിസ്സഹായാവസ്ഥയിലുമാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4