Advertisement
Saudi Arabia

അറേബ്യൻ ഗൾഫ് കപ്പ് സൗദി അറേബ്യക്ക്: ഫൈനലിൽ യു.എ.ഇയെ കീഴടക്കിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

Published: October 07, 2026
ജിദ്ദ: 27ാമത് അറേബ്യൻ  ഗൾഫ് കപ്പ് ഫൈനലിൽ യു.എ.ഇ-യെ തളച്ച് സൗദി അറേബ്യ കിരീടം സ്വന്തമാക്കി.ജിദ്ദയിലെ അൽഇൻമ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ യു.എ.ഇ ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് (2-0) പരാജയപ്പെടുത്തിയാണ് സൗദി കിരീടം ചൂടിയത്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് നേടിയ സൗദി ടീം കടുത്ത പോരാട്ടത്തിന് ശേഷമാണ് വിജയം സ്വന്തമാക്കിയത്.

11ാം മിനിറ്റിൽ ഹമ്മാം അൽഹമ്മാമി ആദ്യ ഗോൾ നേടിയതോടെയാണ് സൗദിയുടെ വിജയക്കുതിപ്പിന് വിസിൽ മുഴങ്ങിയത്. തൊട്ടുപിന്നാലെ 13ാം മിനിറ്റിൽ ഫിറാസ് അൽബ്രൈക്കാൻ രണ്ടാമത്തെ ഗോൾ കൂടി നേടി സൗദി ടീമിന്റെ ലീഡ് ഇരട്ടിയാക്കി. ഇതോടെ മത്സരത്തിന്റെ തുടക്കം മുതൽ തന്നെ സൗദി ടീമിന് അനുകൂലമായ മുൻതൂക്കം ലഭിച്ചു. ഈ കിരീടധാരണത്തോടെ സൗദി ദേശീയ ടീം ഗൾഫ് കപ്പ് ചരിത്രത്തിൽ മറ്റൊരു കിരീടം കൂടി തന്റെ റെക്കോർഡിൽ ചേർത്തു. നാലാം തവണയാണ് സൗദി ടീം ഗൾഫ് കപ്പ്  ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്.

മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ്,കായിക മന്ത്രി അമീർ അബ്ദുൽ അസിസ് ബിൻ തുർക്കി ബിൻ ഫൈസൽ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, ഗൾഫ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് അൽ താനി, ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി, ത്വാഇഫ് ഗവർണർ അമീർ ഫവാസ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്, കായിക ഡെപ്യൂട്ടി മന്ത്രി ബദ്ർ ബിൻ അബ്ദുറഹ്മാൻ അൽഖാദി, സൗദി ഫുട്ബോൾ അസോസിയേഷൻ ഡയറക്ടേഴ്സ ബോർഡ് ചെയർമാൻ ബദ്ർ ബിൻ സുലൈമാൻ അൽറസീസ തുടങ്ങി ഗൾഫ് രാജ്യങ്ങളിലെ കായിക അസോസിയേഷനുകളുടെ പ്രസിഡന്റുമാരും പ്രതിനിധികളുമടക്കം നിരവധി പേർ ഫൈനൽ പോരാട്ടം കാണാൻ എത്തിയിരുന്നു.

ടൂർണമെന്റിന് ഉദാരമായ രക്ഷാകർതൃത്വം നൽകിയ സൽമാൻ രാജാവിന് കായിക മന്ത്രി നന്ദിയും കടപ്പാടും അറിയിച്ചു. ഈ ടൂർണമെന്റ് നടത്താനായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അതോടൊപ്പം ഗൾഫ് രാജ്യങ്ങളിലെ വലിയ പ്രാധാന്യമുള്ള ഈ ടൂർണമെന്റിൽ ദേശീയ ടീം വിജയം കൈവരിച്ചതിൽ ഭരണകൂടത്തിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഈ ടൂർണമെന്റിൽ 'അൽ-അഖ്ദറിന്റെ' മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കുകയും കിരീടം നേടുന്നതിൽ സൗദി ടീമിന് ഏറ്റവും മികച്ച പിന്തുണ നൽകുകയും ചെയ്ത ആരാധകരെ അഭിനന്ദിക്കുന്നു-അദ്ദേഹം പറഞ്ഞു.

ചരിത്രത്തിൽ ആദ്യമായി ജിദ്ദ നഗരം ആതിഥേയത്വം വഹിച്ച ‘ഗൾഫ് കപ്പ് 27’ മത്സരങ്ങൾ 2026 സെപ്റ്റംബർ 23 മുതൽ ആണ് ആരംഭിച്ചത്. എട്ട് ദേശീയ ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽഇൻമ സ്റ്റേഡിയം, അമീർ അബ്ദുല്ല അൽഫൈസൽ സ്പോർട്സ് സിറ്റി എന്നീ രണ്ട് സ്റ്റേഡിയങ്ങളിലായി ആകെ 15 മത്സരങ്ങളാണ് നടന്നത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക
Advertisement

NEWSROOMME VIDEOS

View All Videos