Advertisement
Saudi Arabia

റിയാദ് നഗരം തകർക്കാൻ ലക്ഷ്യമിട്ട് വൻ ആക്രമണ ശ്രമം,പ്രതിരോധിച്ചതായി സഖ്യസേന

Published: September 20, 2026
റിയാദ്: റിയാദ് നഗരത്തെ ലക്ഷ്യമാക്കി ഹൂതി മിലിഷ്യകൾ നടത്തിയ ആക്രമണ ശ്രമം തടഞ്ഞതായി സഖ്യസേന അറിയിച്ചു. 80 ലക്ഷത്തിലധികം പൗരന്മാരും വിദേശികളും താമസിക്കുന്ന റിയാദ് ലക്ഷ്യമാക്കി ഹൂതികൾ  തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ റോയൽ സൗദി എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിക്കുകയും തകർക്കുകയും ചെയ്തതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു.തലസ്ഥാന നഗരമായ റിയാദിലെ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതി മിലിഷ്യകൾ നടത്തുന്ന തുടർച്ചയായ ആക്രമണശ്രമങ്ങൾ അവരുടെ ഭീകരതയും ശത്രുതാപരമായ നിലപാടുമാണ് വ്യക്തമാക്കുന്നതെന്ന് അൽ മാലികി കുറ്റപ്പെടുത്തി.

ഇതിനുപുറമേ ബീഷ്, ത്വാഇഫ്, ഫർസാൻ, യാംബു എന്നീ നഗരങ്ങളിലെ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണശ്രമങ്ങളും വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഹൂതി മിലിഷ്യകളുടെ ഭീകരപ്രവർത്തനങ്ങളെ ചെറുക്കുന്നതിനായി അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായി ഉചിതമായ നടപടികൾ സ്വീകരിക്കാൻ സഖ്യസേനാ നേതൃത്വത്തിന് പൂർണ്ണ അവകാശമുണ്ടെന്നും മേജർ ജനറൽ അൽ മാലികി വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
Advertisement