Advertisement
Oman

ഒമാനിൽ ലഹരിവിരുദ്ധ നിയമം കടുപ്പിച്ചു: ലഹരിക്കടത്തിന് വധശിക്ഷയും കനത്ത പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പ്രാബല്യത്തിൽ

Published: September 10, 2026

മസ്‌കത്ത് :ഒമാനിൽ ലഹരിമരുന്നുകളും സൈക്കോട്രോപിക് (മനോരോഗ ചികിത്സയിൽ ഉപയോഗിക്കുന്നവയും എന്നാൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതുമായ) ലഹരിവസ്തുക്കളും തടയുന്നതുമായി ബന്ധപ്പെട്ട ഭേദഗതികളോടെയുള്ള പുതിയ നിയമം (റോയൽ ഡിക്രി നമ്പർ 67/2026) പ്രാബല്യത്തിൽ വന്നു. ലഹരിമരുന്ന് കടത്ത്, കള്ളക്കടത്ത്,ലഹരിവസ്തുക്കൾ കൈവശം വെക്കൽ, വ്യക്തിപരമായ ഉപയോഗം എന്നിവയ്ക്ക് കടുത്ത ശിക്ഷകളാണ് ഇതിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്; ചില സാഹചര്യങ്ങളിൽ വധശിക്ഷയും ജീവപര്യന്തം തടവും വരെ ഇതിൽ ഉൾപ്പെടുന്നു.

പുതിയ നിയമപ്രകാരം, വിൽപനയോ കടത്തോ ലക്ഷ്യമിട്ട് ലഹരിമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ ഉൽപ്പാദിപ്പിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്നത് തടവുശിക്ഷയ്ക്കും 35,000 മുതൽ 60,000 വരെ ഒമാനി റിയാൽ പിഴയ്ക്കും കാരണമാകുന്ന കുറ്റകൃത്യമാണ്.

പ്രത്യേക സാഹചര്യങ്ങളിൽ ലഹരിമരുന്ന് കള്ളക്കടത്ത്  വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ, ഔദ്യോഗിക അധികാരം അല്ലെങ്കിൽ ലൈസൻസ്/നിയമപരമായ പരിരക്ഷ എന്നിവ ദുരുപയോഗം ചെയ്യൽ, നിയമപരമായ ശേഷിയില്ലാത്തവരെയോ പരിമിതശേഷിക്കാരെയോ ഉപയോഗപ്പെടുത്തൽ, ലഹരിമരുന്ന് കള്ളക്കടത്തിൽ ഏർപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര സംഘങ്ങളിൽ പങ്കാളികളാവുകയോ സഹകരിക്കുകയോ ചെയ്യൽ എന്നിവ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരിക്കും.കള്ളക്കടത്ത് ലക്ഷ്യമാക്കി മയക്കുമരുന്നുകളോ സൈക്കോട്രോപിക് ലഹരിവസ്തുക്കളോ കൈവശം വെക്കുക, കടത്തുക, വിൽക്കുക, കൈമാറുക അല്ലെങ്കിൽ വിതരണം ചെയ്യുക എന്നിവയ്ക്ക് കുറഞ്ഞത് 15 വർഷം തടവും 10,000 മുതൽ 25,000 വരെ റിയാൽ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നു.
വിദ്യാഭ്യാസ-സാംസ്കാരിക-കായിക സ്ഥാപനങ്ങൾ,തെറ്റ് തിരുത്തൽ കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ക്യാമ്പുകൾ, ജയിലുകൾ തുടങ്ങിയ സംരക്ഷിത പ്രദേശങ്ങളിലോ അവയുടെ പരിസരത്തോ വെച്ചാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നതെങ്കിൽ,ശിക്ഷ ജീവപര്യന്തം തടവായി ഉയർത്തും.നിയമപരമായ ശേഷിയില്ലാത്തവർക്കോ പരിമിത ശേഷിക്കാർക്കോ ലഹരിമരുന്ന് നൽകിയാലും ജീവപര്യന്തം ലഭിക്കാവുന്നതാണ്.

സ്വന്തം ഉപയോഗത്തിനായി മയക്കുമരുന്നുകളോ സൈക്കോട്രോപിക് ലഹരിവസ്തുക്കളോ കൈവശം വെക്കുകയോ, ശേഖരിച്ചു വെക്കുകയോ, വാങ്ങുകയോ, ഉൽപ്പാദിപ്പിക്കുകയോ ചെയ്യുന്നവർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 1,000 മുതൽ 5,000 വരെ റിയാൽ പിഴയും ലഭിക്കും.

അതേസമയം, മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് ചികിത്സയും പുനരധിവാസത്തിനുള്ള സൗകര്യങ്ങളും ഈ നിയമം ഉറപ്പാക്കുന്നു. നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി, ജയിൽ ശിക്ഷയ്ക്ക് പകരം പുനരധിവാസ കേന്ദ്രങ്ങളിലോ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കാൻ കോടതികൾക്ക് ഉത്തരവിടാവുന്നതാണ്. പുനരധിവാസ കേന്ദ്രത്തിലെ താമസം ആറു മാസം മുതൽ ഒരു വർഷം വരെയാകാം.

ചികിത്സയ്ക്കായി സ്വമേധയാ അധികൃതരെ സമീപിക്കുന്നവരോ, യോഗ്യതയുള്ള ബന്ധുവിന്റെ ശുപാർശ പ്രകാരം ചികിത്സയ്ക്ക് വിധേയരാകുന്നവരോ ആയ മയക്കുമരുന്ന് ഉപയോക്താക്കൾക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

ബന്ധപ്പെട്ട മുൻ ശിക്ഷ നിയമങ്ങൾ റദ്ദാക്കിയാണ് ശിക്ഷ കൂടുതൽ കടുപ്പിച്ചുകൊണ്ടുള്ള പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വന്നത്. 
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Oman
Advertisement

NEWSROOMME VIDEOS

View All Videos