Advertisement
India

'മുസ്‌ലിംകൾക്ക് എവിടെയാ തറവാട്?'; എസ്‌ ശ്രീജിത്ത് ഐപിഎസിനെതിരെ മുല്ലപ്പള്ളി, സർക്കാരിനും രൂക്ഷവിമർശനം

Published: August 28, 2026
കോഴിക്കോട്: വിവാദ ഐപിഎസ് ഓഫീസറായ എസ്. ശ്രീജിത്തിനോടുള്ള ഇടത് സർക്കാരിന്റെ നിലപാടിൽ കോൺഗ്രസിലുള്ള കടുത്ത എതിർപ്പ് മറനീക്കി പുറത്തുവരുന്നു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ, മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരസ്യ പ്രതികരണമാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ശ്രീജിത്തിന് എതിരെയാണ് വിമർശനമെങ്കിലും, അദ്ദേഹത്തെ ഡിജിപിയായി പ്രൊമോട്ട് ചെയ്യുകയും വിജിലൻസ് അന്വേഷണ ആവശ്യങ്ങളിൽ സംരക്ഷണം നൽകുകയും ചെയ്ത സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനുമാണ് ഇത് നേരിട്ട് തിരിച്ചടിയാകുന്നത്.

വർഷങ്ങൾക്ക് മുൻപ് സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്കായി എടുത്ത പരിശീലന ക്ലാസിൽ വച്ച്, മുസ്‌ലിം വിഭാഗത്തിൽപ്പെട്ട ഒരു യുവതിയോട് "മുസ്‌ലിംകൾക്ക് എവിടെയാണ് തറവാട്?" എന്ന് ശ്രീജിത്ത് ചോദിച്ച സംഭവം ചൂണ്ടിക്കാണിച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ രൂക്ഷ വിമർശനം അഴിച്ചുവിട്ടത്.

"വർഗീയത ഉയർത്തുന്നതും വിഷം ചീറ്റുന്നതുമായ പ്രസംഗമാണ്, സമനില തെറ്റിയ ഭ്രാന്തനെപ്പോലെ പ്രതികരിച്ച ശ്രീജിത്തിൽ നിന്നും ഉണ്ടായത്. ഈ പരാമർശം നടത്തിയതിന് ഡിജിപി ശ്രീജിത്ത് മാപ്പ് പറയണം. നമ്മൾ ഇരുണ്ട കാലത്തേക്കാണോ പോകുന്നത്?"-അദ്ദേഹം ചോദിച്ചു.

ഒരു ഐപിഎസ് ഓഫീസർ ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനെ എന്തിനാണ് സർക്കാർ വഴിവിട്ട് സംരക്ഷിക്കുന്നത് എന്ന ചോദ്യം യുഡിഎഫിൽ ശക്തമായിക്കഴിഞ്ഞു.

സിവിൽ സർവീസിന് പഠിക്കുന്ന കുട്ടികൾക്കായി എടുത്ത ഒരു ക്ലാസിൽ വച്ച് മുൻപ് ശ്രീജിത്ത് , മുസ്ലിം വിഭാഗത്തിൽപ്പെട്ട ഒരു യുവതിയോട് മുസ്ലിംങ്ങൾക്ക് എവിടെയാണ് തറവാട് എന്ന് ചോദിച്ചതിന് എതിരെയാണ് വർഷങ്ങൾക്ക് ഇപ്പുറം മുല്ലപ്പള്ളി രാമചന്ദ്രൻ ആഞ്ഞടിച്ചിരിക്കുന്നത്. പാലത്തായി കേസിലെ അന്വേഷണത്തിന് മേൽ നോട്ടം വഹിച്ച സമയത്ത് ഇരയായ കുട്ടിക്ക് എതിരായ നിലപാട് അന്ന് ഐജി ആയിരുന്ന ശ്രീജിത്ത് സ്വീകരിച്ചു എന്ന് തുറന്നടിച്ച് മുസ്ലീംലീഗ് നേതാവ് കെ എം ഷാജി ( ഇപ്പോഴത്തെ മന്ത്രി) ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചത് ഇപ്പോഴും സോഷ്യൽ മീഡിയകളിൽ വൈറലായി മാറി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്, ശ്രീജിത്തിൻ്റെ തറവാട് വിവാദവും വീണ്ടും കത്തിപ്പടർന്നു കൊണ്ടിരിക്കുന്നത്.

ശ്രീജിത്തിന്റെ വിവാദ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ:

മുസ്‌ലിംകൾക്ക് (പെൺകുട്ടിയുടെ പേരു പറഞ്ഞ്) എന്നാടോ തറവാട് വന്നത് ? ഇസ്‌ലാമല്ലേ? നിനക്ക് എവിടെയാ തറവാട് ? തറവാട് എന്നത് നായർ കൺസപ്റ്റാണ്. നമ്പൂതിരിയാണ് ഡോമിനന്റ് കാസ്റ്റ്. എന്നുവച്ചാൽ ഇല്ലം എന്നും മന എന്നുമാണ് പറയുക. ഇപ്പോൾ ആശാരിമാരും ഈഴവന്മാരും തറവാട് എന്നു പറയും. നിങ്ങൾക്ക് (മുസ്ലിം പെൺകുട്ടിയോട്) ജാതിയില്ല എന്നറിയുമോ? പ്രവാചകന് ജാതി ഉണ്ടായിരുന്നോ? ഇല്ല. പക്ഷേ, ഇവർ എന്തു ചെയ്തു എന്നറിയുമോ? ഇവിടെ ഒരു പ്രത്യേക ജാതിയുടെ ഭാഷകളും സംജ്ഞകളും മാത്രം ഉപയോഗിക്കുന്നു. അതാണ് ഡോമിനന്റ് കാസ്റ്റിന്റെ പ്രത്യേകത. അങ്ങനെ ലോകത്ത് മെട്രിയാർക്കൽ രീതിയിൽ ജീവിക്കുന്ന ഒരു സമുദായത്തിനെ ഡോമിനന്റ് കാസ്റ്റ് ആക്കിയിട്ടുള്ള ഒരേയൊരു ഭൂപ്രദേശമേ ഉള്ളൂ ലോകത്ത്. അത് കേരളമാണ്’-
വിദ്യാർത്ഥിനിയുടെ പേര് എടുത്തുപറഞ്ഞുകൊണ്ടുള്ള ഈ വിദ്വേഷ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായപ്പോഴും സർക്കാർ ശ്രീജിത്തിനോട് ഒരു വിശദീകരണം പോലും ചോദിച്ചിരുന്നില്ല.

ഉന്നത പദവിയിലിരുന്ന് വർഗീയത പ്രചരിപ്പിക്കുന്ന ഐപിഎസ് ഓഫീസറെ സംരക്ഷിക്കുന്നതിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ് കോൺഗ്രസ്സിന്റെ തീരുമാനം.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All India
Advertisement

NEWSROOMME VIDEOS

View All Videos