Advertisement
Saudi Arabia

സൗദിയിലെ മൂന്ന് നഗരങ്ങൾക്ക് നേരെ ഹൂതി മിസൈൽ–ഡ്രോൺ ആക്രമണം; 13 പേർക്ക് പരിക്ക്, വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട്

Published: September 15, 2026

റിയാദ്: സൗദി അറേബ്യയിലെ ഖമിസ് മുശൈത്, അബഹ, ത്വാഇഫ് നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതി മിലീഷ്യകൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 13 പേർക്ക് നിസ്സാര പരിക്കേറ്റു. ആക്രമണത്തിൽ ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും സൗദി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ചയാണ് മൂന്ന് നഗരങ്ങളിലെയും ജനവാസ മേഖലകൾ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ആഘാതത്തിൽ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായെങ്കിലും ആളപായം ഒഴിവാക്കാനായതായി അധികൃതർ വ്യക്തമാക്കി.

സൗദി അറേബ്യയിലെ സാധാരണക്കാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതി മിലീഷ്യകൾ ബോധപൂർവം ആക്രമണങ്ങൾ തുടരുന്നതായി സഖ്യസേന ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലിക്കി ആരോപിച്ചു.സാധാരണ ജനങ്ങളെ ലക്ഷ്യമാക്കിയുള്ള ഇത്തരം ആക്രമണങ്ങൾ ഹൂതി മിലീഷ്യകളുടെ ആക്രമണോത്സുക സ്വഭാവവും തീവ്രവാദപരമായ സമീപനവും വ്യക്തമാക്കുന്നതാണെന്ന് അൽമാലിക്കി പറഞ്ഞു. ജനവാസ മേഖലകളിലേക്ക് മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളോടുള്ള അവഗണനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സൗദി അറേബ്യയുടെ പരമാധികാരവും രാജ്യത്തെ സാധാരണക്കാരെയും ജനവാസ കേന്ദ്രങ്ങളെയും സംരക്ഷിക്കുന്നതിനായി സഖ്യസേനയുടെ സംയുക്ത സേനാ കമാൻഡ് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അൽമാലിക്കി വ്യക്തമാക്കി.യു.എൻ ചാർട്ടറിലെ 51-ാം അനുച്ഛേദം, സ്വയം പ്രതിരോധത്തിനുള്ള അവകാശം, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ എന്നിവയ്ക്ക് അനുസൃതമായാണ് ആക്രമണങ്ങളെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹൂതി മിലീഷ്യകളുടെ ശത്രുതാപരവും തീവ്രവാദപരവുമായ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനും സൗദി ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആവശ്യമായ എല്ലാ പ്രവർത്തനപരമായ നടപടികളും സ്വീകരിക്കാൻ സഖ്യസേനയുടെ സംയുക്ത കമാൻഡ് സജ്ജമാണെന്നും അൽമാലിക്കി കൂട്ടിച്ചേർത്തു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4


 
Advertisement

NEWSROOMME VIDEOS

View All Videos