Advertisement
India

ഡൽഹിയിൽ അപ്രഖ്യാപിത 'അടിയന്തരാവസ്ഥ',അഭിജിത് ദിപ്കെയും ധ്രുവ് റാഠിയും പോലീസ് കസ്റ്റഡിയിൽ

Published: October 10, 2026
ന്യൂഡൽഹി: 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ, സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റാങ്ക് എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിനായി എത്തിയ ഇവരെ ഡൽഹിയിൽ കാലുകുത്താൻ അനുവദിക്കാതെ ഡൽഹി പൊലീസ് വിമാനത്തിൽ കയറി നാടകീയ നീക്കത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേതാക്കൾ എത്തുന്നതറിഞ്ഞ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ സർവ സന്നാഹവുമായി പൊലീസ് നിലയുറപ്പിച്ചിരുന്നു. മറ്റ് യാത്രക്കാർ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പൊലീസ് വിമാനത്തിൽ കയറി സി.ജെ.പി. നേതാക്കളെ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിന് പുറത്ത് പ്രവർത്തകർ തടിച്ചുകൂടിയിരിക്കുകയാണ്.

വോട്ടർപ്പട്ടിക ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടത്താൻ നിശ്ചയിച്ച 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കസ്റ്റഡി. പ്രമുഖ യൂട്യൂബറും പൗരാവകാശ പ്രവർത്തകനുമായ ധ്രുവ് റാഠിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുഗ്രാമിലെ വീട്ടിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി സി.ജെ.പി. നേതാക്കൾ സ്ഥിരീകരിച്ചു.

സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ വ്യക്തിയാണ് റാഠി. മോദി ഭരണകൂടത്തിന്റെ നയങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും കുറിച്ചുള്ള വിമർശനാത്മകമായ വീഡിയോകളിലൂടെ അദ്ദേഹം പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ജർമനിയിൽ കഴിയുന്ന ധ്രുവ് റാഠി, ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഈ മാസം ഇന്ത്യയിലെത്തിയത്.

ഒക്ടോബർ 7-ന് ജർമ്മനിയിൽ നിന്നെത്തിയ റാഠി ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഒക്ടോബർ 8-ന് നടന്ന വൻ പ്രതിഷേധ സമരത്തിൽ പങ്കെടുത്തിരുന്നു. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പീപ്പിൾസ് ട്രിബ്യൂണൽ' സമരത്തിലാണ് അദ്ദേഹം പങ്കാളിയായത്. നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്, സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ എന്നിവരും ഈ സമരത്തിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
സമരത്തെ അടിച്ചമർത്താൻ വൻ സുരക്ഷാ സന്നാഹമാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സമരത്തിന് ജന്തർ മന്തറിൽ എത്തുന്നതു തടയാനാണ് ഡൽഹി പൊലീസ് ഈ നീക്കം നടത്തിയത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വനിതകൾ അടക്കം ആയിരക്കണക്കിന് പേരെ ഇതിനകം പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

 

YOU MAY LIKE

View All India
Advertisement

NEWSROOMME VIDEOS

View All Videos