റിപ്പബ്ലിക് ടിവി പ്രതിനിധികളെ വാർത്താ സമ്മേളനത്തിൽ നിന്ന് പുറത്താക്കി, ഇന്ത്യയെ തടങ്കൽ പാളയമാക്കുന്നുവെന്ന് അഭിജിത് ദീപ്കെ
ജന്തർ മന്തർ പ്രക്ഷോഭത്തെ തുടർന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്ക് അയച്ച പോലീസ് നടപടിയെ ദിപ്കെ രൂക്ഷമായി അപലപിച്ചു:
"തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട വിദ്യാർഥികൾ, യുവജനങ്ങൾ, പ്രതിപക്ഷ നേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ എന്നിവരെല്ലാം ക്രൂരമായ അക്രമത്തിനും അറസ്റ്റിനും തടങ്കലുകൾക്കും ഇരയായിക്കൊണ്ടിരിക്കുകയാണ്. ജമ്മു കശ്മീരിൽ നിന്നുള്ള സുരക്ഷാ സേനയെപ്പോലും തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നു. മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും ട്രെയിൻ സർവീസുകൾ നിയന്ത്രിച്ചും ഡൽഹിയെ പൂർണമായും ഒരു സൈനിക പാളയമാക്കി മാറ്റിയിരിക്കുകയാണ്. സമാധാനപരമായി ദേശീയ പതാക ഉയർത്തുന്നത് പോലും നിയമലംഘനമായി കാണുന്ന അവസ്ഥയാണോ ഈ രാജ്യത്തുള്ളത്?"
ഗ്യാനേഷ് കുമാറിന് കേന്ദ്ര സർക്കാർ നൽകുന്ന അതിരുകടന്ന സംരക്ഷണം, ബി.ജെ.പിയെ തെരഞ്ഞെടുപ്പുകളിൽ ജയിപ്പിക്കാൻ കമീഷൻ ഒത്താശ ചെയ്യുന്നുണ്ടോ എന്ന സംശയത്തെ ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വാർത്താസമ്മേളനത്തിൽ സംസാരിച്ച ഐസ നേതാവ് നേഹ ബോറ ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഉന്നയിച്ചത്. സമരം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ പോലീസ് ക്രൂരമായി വേട്ടയാടുകയാണെന്നും ക്യാമറകൾ പിടിച്ചെടുത്ത് ഭീഷണിപ്പെടുത്തുകയാണെന്നും അവർ പറഞ്ഞു:
"വാർത്ത കൊടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരുടെ ക്യാമറകൾ പോലീസ് ബലമായി പിടിച്ചുവാങ്ങി. ഡൽഹി എ.സി.പി വിവേക് ഭഗത് വനിതാ മാധ്യമപ്രവർത്തകയെ ലൈംഗികമായി അതിക്രമിച്ചു. പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ ചെന്ന വനിതാ മാധ്യമപ്രവർത്തകക്കെതിരെ തന്നെ കൗണ്ടർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പീഡിപ്പിക്കുകയാണ് ചെയ്തത്. നീതിക്കായി സാധാരണക്കാർ പോലീസിനെ സമീപിക്കുമ്പോൾ, ക്രമസമാധാനം പാലിക്കുന്നതിന് പകരം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി സ്വന്തം ജനങ്ങളെ വേട്ടയാടുന്നതാണ് ഇവിടെ കാണുന്നത്."നേഹ ബോറ തുറന്നടിച്ചു.
റിപ്പബ്ലിക് ടിവിയെ പുറത്താക്കി മാധ്യമങ്ങൾ
നേതാക്കൾ സംസാരിക്കുന്നതിനിടയിൽ മൈക്കിലേക്ക് തള്ളിക്കയറുകയും പ്രകോപനപരമായ ബഹളങ്ങൾ സൃഷ്ടിച്ച് വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരെ ഹാളിലുണ്ടായിരുന്ന മറ്റ് മാധ്യമപ്രവർത്തകർ ഒന്നിച്ച് ഇടപെട്ട് പുറത്താക്കി. മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായി ചോദ്യങ്ങൾ തടസ്സപ്പെടുത്തുന്നത് മാധ്യമ ധർമമല്ലന്ന് വ്യക്തമാക്കിയാണ് ദേശീയ മാധ്യമങ്ങളിലെ മറ്റ് മാധ്യമപ്രവർത്തകർ ഇവരെ ഹാളിൽ നിന്ന് നീക്കം ചെയ്തത്. പ്രസ് മീറ്റ് ആരംഭിച്ചതിന് പിന്നാലെ നേതാക്കൾ സംസാരിക്കുന്നതിനിടയിൽ മൈക്കിലേക്ക് തള്ളിക്കയറുകയും പ്രകോപനപരമായ ചോദ്യങ്ങളുമായി ബഹളം വെക്കുകയും ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്.
വാർത്താസമ്മേളനത്തിൽ ക്രമപ്രകാരം ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകിയിട്ടും, മറ്റ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ തടസ്സപ്പെടുത്തിയാണ് റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാർ അനാവശ്യ ബഹളം സൃഷ്ടിച്ചതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ചൈനീസ് ബന്ധവും വിദേശ ഫണ്ടിംഗും ആരോപിച്ച് മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായി പ്രസ് മീറ്റ് അലങ്കോലമാക്കാൻ ഇവർ ശ്രമിക്കുകയായിരുന്നുവെന്ന് സംഘാടകർ ആരോപിച്ചു.
നേതാക്കൾ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും ഉച്ചത്തിൽ അലറുകയും വാർത്താസമ്മേളനത്തിന്റെ അന്തരീക്ഷം തകർക്കുകയും ചെയ്തതോടെ മറ്റ് ദേശീയ മാധ്യമങ്ങളിലെ മുതിർന്ന പത്രപ്രവർത്തകർ പരസ്യമായി രംഗത്തെത്തുകയായിരുന്നു. മാധ്യമ ധർമ്മത്തിന് നിരക്കാത്ത അച്ചടക്കമില്ലായ്മ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മാധ്യമപ്രവർത്തകർ, റിപ്പബ്ലിക് സംഘത്തോട് വാർത്താസമ്മേളനം നടക്കുന്ന ഹാളിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക