Advertisement
Saudi Arabia

റിയാദ് വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ 12 മരണം,300-ലേറെ പേർക്ക് പരിക്കേറ്റു

Published: October 11, 2026
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ 12 പേർ മരിച്ചതായും 300 ലേറെ പേർക്ക് പരിക്കേറ്റതായും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

ഗുരുതരമായ പരിക്കുകളുള്ളവർ ഉൾപ്പെടെ മുന്നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരിൽ നാല് പേർ സ്വദേശി പൗരന്മാരും രണ്ട് പേർ ബംഗ്ലാദേശ് പൗരന്മാരും, അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരും ഉൾപെടും. ആക്രമണം മൂലം ഉണ്ടായ ഭൗതിക നാശനഷ്ടങ്ങൾ കണക്കാക്കിവരികയാണെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ പറഞ്ഞു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ലോഞ്ചിലൊന്നിന് നേരെ ഹൂതി മിസൈൽ ആക്രമണം നടത്തിയത് അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരവും ചട്ടങ്ങൾപ്രകാരവും പൂർണമായ യുദ്ധക്കുറ്റമാണെന്നും തത്വങ്ങൾക്കും ധാർമികതക്കും എതിരായ ഹീനമായ പ്രവർത്തിയാണെന്നും യമനിലെ സംഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലിക്കി പറഞ്ഞു.

അന്താരാഷ്ട്ര മാനുഷിക നിയമത്തിനും അതിന്റെ ചട്ടങ്ങൾക്കും അനുസൃതമായി ഈ ഭീകരാക്രമണത്തിന് സഖ്യസേനയുടെ സംയുക്ത കമാൻഡ് ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് ഒരു മിസൈൽ പതിച്ചതായും സഖ്യസേന വക്താവ് സൂചിപ്പിച്ചു.

അതേസമയം, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനത്തിന്റെ നിലവിലെ സ്ഥിതി (ഫ്ലൈറ്റ് സ്റ്റാറ്റസ്) ഉറപ്പാക്കണമെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ മുന്നറിയിപ്പ് നൽകി.

അതിനിടെ സൗദിയുടെ നേതൃത്വത്തിൽ ഹൂതികൾക്കെതിരെ നടത്തുന്ന സൈനിക നീക്കത്തിൽ യു.എസ് പങ്കാളിയാകുന്നത് ആലോചിക്കുകയാണെന്നും എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച അറിയിച്ചിരുന്നു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

 
Advertisement