2022 ഖത്തർ ലോകകപ്പ് കൊണ്ട് എന്തുനേടി,നിലപാട് വ്യക്തമാക്കി ഹസ്സൻ അൽ തവാദി
'ഖത്തർ കലണ്ടർ 2026-2027' പ്രകാശന ചടങ്ങിലെ പാനൽ ചർച്ചയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആഗോള കായികോത്സവം വിജയകരമായി നടത്തുന്നതിനായി ഖത്തറിലുടനീളം നടത്തിയ വിപുലമായ പ്രവർത്തനങ്ങളെ അൽ തവാദി എടുത്തുപറഞ്ഞു. ഒപ്പം, ലോകകപ്പിലൂടെ സൃഷ്ടിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും നിലനിർത്തേണ്ടതിന്റെയും അവ പ്രയോജനപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഖത്തറിന് സമ്മാനിച്ച ടൂർണമെന്റ്, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ, റിസോർട്ട് മേഖലകളിൽ വലിയ വളർച്ചയ്ക്ക് വഴിയൊരുക്കി.അതോടൊപ്പം പ്രാദേശിക സമൂഹത്തിനിടയിൽ വിനോദസഞ്ചാരത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."ഫിഫ ലോകകപ്പ് പോലുള്ള ഒരു വലിയ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ നമ്മുടെ വിവേകമുള്ള നേതൃത്വത്തിനുണ്ടായിരുന്ന കാഴ്ചപ്പാട്, കേവലം ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു പരിപാടി നടത്തുക എന്നതിലുപരിയായിരുന്നു," 12 വർഷത്തോളം നടത്തിയ കഠിനാധ്വാനവും സമർപ്പണവും ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ടൂർണമെന്റിന് മുന്നോടിയായി രാജ്യത്തുടനീളം വിപുലമായ വികസന പ്രവർത്തനങ്ങൾ നടന്നു.തുടർന്നുള്ള കാലയളവിൽ ഇതിന്റെ തുടർച്ച ഉറപ്പാക്കുന്നതിനും ഇതിലൂടെ കൈവരിച്ച നേട്ടങ്ങളെയും പൈതൃകത്തെയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ലോകകപ്പ് സമയത്ത് ഖത്തർ സന്ദർശിച്ചവർക്ക് വീണ്ടും ഇവിടേക്ക് വരാനുള്ള ആഗ്രഹം ഉണ്ടായെന്നും, ഇത് സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കാൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2020-ൽ രേഖപ്പെടുത്തിയതിനേക്കാൾ ഇരട്ടി സന്ദർശകരെയാണ് 2023-ൽ രേഖപ്പെടുത്തിയതെന്ന് പറഞ്ഞ അദ്ദേഹം, ഈ വർധനവിനെ ലോകകപ്പ് ആതിഥേയത്വം വഹിച്ചതിലൂടെ ലഭിച്ച പ്രധാന നേട്ടങ്ങളിലൊന്നായി വിശേഷിപ്പിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4