Advertisement
Qatar

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി: ഖത്തർ എൽ.എൻ.ജി വിതരണം തടസ്സപ്പെട്ടു; 56 ഷിപ്പ്‌മെന്റുകൾ മുടങ്ങിയതായി പെട്രോനെറ്റ്

Published: August 14, 2026

ന്യൂഡൽഹി / ദോഹ: മധ്യപൂർവേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ എനർജി 'ഫോഴ്‌സ് മജൂർ' (Force Majeure) പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള 56 എൽ.എൻ.ജി (LNG) ഷിപ്പ്‌മെന്റുകൾ തടസ്സപ്പെട്ടതായി പെട്രോനെറ്റ് അറിയിച്ചു. ഖത്തറിൽ നിന്നുള്ള വാതക വിതരണം എപ്പോൾ സാധാരണ നിലയിലാകുമെന്നതിൽ വ്യക്തമായ സമയപരിധി ലഭിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ മുൻനിര ഗ്യാസ് ഇറക്കുമതിക്കാരായ പെട്രോനെറ്റ് സി.ഇ.ഒ എ.കെ. സിംഗ് അറിയിച്ചു.

ഖത്തർ എനർജിയുടെ പ്ലാന്റുകൾക്ക് നേരെ ഉണ്ടായ ഇറാൻ ആക്രമണങ്ങളും, മേഖലയിലെ സംഘർഷങ്ങളുമാണ് വിതരണം നിർത്തിവെക്കാൻ ഇടയാക്കിയത്.ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടത് പ്രതിസന്ധി ഇരട്ടിയാക്കി.ഇതേതുടർന്ന്,ഖത്തറിൽ നിന്ന് എൽ.എൻ.ജി എത്തിക്കാൻ ചാപ്റ്റർ ചെയ്തിരുന്ന ദിഷ, റാഹി, അസീം എന്നീ ടാങ്കറുകളുടെ പ്രവർത്തനം പെട്രോനെറ്റ് താൽക്കാലികമായി നിർത്തിവെച്ചു.

അതേസമയം,ഖത്തറുമായുള്ള ദീർഘകാല കരാർ അവസാനിക്കുന്ന 2028 ഏപ്രിൽ മാസത്തിനുള്ളിൽ, തടസ്സപ്പെട്ട കാർഗോകൾ പൂർണ്ണമായും എത്തിച്ചുനൽകാൻ കരാറിൽ വ്യവസ്ഥയുണ്ടെന്ന് പെട്രോനെറ്റ് വ്യക്തമാക്കി.ഖത്തറിൽ നിന്നുള്ള വിതരണത്തിലുണ്ടായ കുറവ് പരിഹരിക്കാൻ ഒമാൻ, അമേരിക്ക, നൈജീരിയ, അംഗോള തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അധികമായി എൽ.എൻ.ജി ഇറക്കുമതി ചെയ്യുന്നുണ്ട്.

എക്‌സൺ മൊബീലുമായുള്ള (ExxonMobil) കരാർ പ്രകാരം ഓസ്‌ട്രേലിയയിലെ ഗോർഗൺ പ്രോജക്റ്റിൽ നിന്ന് ഈ വർഷം 6 ലക്ഷം മെട്രിക് ടൺ എൽ.എൻ.ജി അധികമായി ഇന്ത്യയിലെത്തും. നിലവിൽ ഈ പദ്ധതിയിൽ നിന്ന് പ്രതിവർഷം 14.2 ലക്ഷം ടൺ എൽ.എൻ.ജി ഇന്ത്യ ഇറക്കുമതി ചെയ്യുന്നുമുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement