Advertisement
Qatar

നോർക കെയർ ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് ഖത്തർ യുവകലാസാഹിതി

Published: October 28, 2026
ദോഹ: പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി നോർക കെയർ(NORKA Care) ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകൾ പുനഃപരിശോധിക്കണമെന്നും പ്രായത്തിനനുസരിച്ചുള്ള നിരക്ക് വർധനയുടെ മാനദണ്ഡങ്ങൾ വ്യക്തമാക്കണമെന്നും യുവകലാസാഹിതി ഖത്തർ ആവശ്യപ്പെട്ടു.

വർഷങ്ങളോളം വിദേശത്ത് അധ്വാനിച്ച് കുടുംബത്തിന്റെയും നാടിന്റെയും സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികൾക്ക് പ്രായം കൂടുന്നതിനനുസരിച്ച് ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത വർധിക്കുകയാണ്. അതേസമയം, പ്രീമിയം നിരക്കുകളിലുണ്ടാകുന്ന വർധന സാധാരണക്കാരായ പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യം ഗൗരവമായി കാണണമെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ഉയർന്ന പ്രീമിയം നിരക്കുകൾ കാരണം നിരവധി പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ തുടരാൻ കഴിയാതെ വരികയും പദ്ധതിയുടെ ലക്ഷ്യം തന്നെ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. അതിനാൽ, പ്രവാസികളുടെ സാമ്പത്തികശേഷിയും ആരോഗ്യപരിരക്ഷയുടെ ആവശ്യകതയും പരിഗണിച്ച് താങ്ങാനാവുന്ന നിരക്കിൽ പദ്ധതി നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം.

പദ്ധതിയിലെ നിരക്കുകൾ നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങൾ,പ്രായത്തിനനുസരിച്ചുള്ള പ്രീമിയം വർധനയുടെ അടിസ്ഥാനം, ഇൻഷുറൻസ് പരിരക്ഷയുടെ പരിധി, ഇൻഷുറൻസ് കമ്പനികളുമായുള്ള കരാറുകളിലെ വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച് സുതാര്യമായ വിശദീകരണം നൽകേണ്ടതുണ്ടെന്നും യുവകലാസാഹിതി ഖത്തർ അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിൽ വ്യക്തിഗതമായ പ്രതിഷേധങ്ങൾക്കപ്പുറം എല്ലാ പ്രവാസി സംഘടനകളും ഒരുമിച്ച് നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രീമിയം നിരക്കുകൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത നിവേദനം നൽകുന്നതിനും പ്രതിഷേധം അറിയിക്കുന്നതിനും സംഘടനകൾ മുന്നോട്ടുവരണം.

ഒരു ക്ഷേമപദ്ധതിയെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് അത് യഥാർഥത്തിൽ പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. പ്രവാസികൾക്ക് പ്രയോജനം ലഭിക്കുകയും അതോടൊപ്പം പദ്ധതി ദീർഘകാലം നിലനിൽക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. പ്രായോഗികവും സാമ്പത്തികമായി താങ്ങാനാവുന്നതുമായ ഇൻഷുറൻസ് പരിരക്ഷയിലൂടെ മാത്രമേ പ്രവാസികളുടെ വിശ്വാസം നേടിയെടുക്കാൻ കഴിയൂ.

പ്രവാസികളുടെ ആരോഗ്യസുരക്ഷയും സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നും NORKA Care പദ്ധതിയുടെ പ്രീമിയം നിരക്കുകൾ പുനഃപരിശോധിച്ച് പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനം കൈക്കൊള്ളണമെന്നും യുവകലാസാഹിതി ഖത്തർ ആവശ്യപ്പെട്ടു. പ്രവാസികൾക്ക് നീതി ഉറപ്പാക്കാനും താങ്ങാനാവുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനും എല്ലാ പ്രവാസി സംഘടനകളും ഐക്യത്തോടെ മുന്നോട്ടുവരണമെന്നും യുവകലാസാഹിതി ഖത്തർ അഭ്യർഥിച്ചു.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos