Advertisement
Qatar

ഹോർമുസിൽ ഇന്റർനെറ്റ് കേബിളുകൾക്ക് ഭീഷണി; ഇറാൻ ഉൾപ്പെടെ മേഖലയിലെ രാജ്യങ്ങൾക്ക് ഗുരുതര പ്രത്യാഘാതമെന്ന് ഖത്തർ

Published: October 20, 2026
ദോഹ: ഹോർമുസ് കടലിടുക്കിലെ കടലിനടിയിലൂടെയുള്ള ഇന്റർനെറ്റ് കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ഇറാൻ ഉൾപ്പെടെ മേഖലയിലെ എല്ലാ രാജ്യങ്ങളെയും അത് ഗുരുതരമായി ബാധിക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ഹോർമുസ് ജലപാതയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഭീഷണികളും അവസാനിപ്പിക്കണമെന്നും ഖത്തർ ഇറാനോട് ആവശ്യപ്പെട്ടു.

ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ ഇബ്രാഹിം അൽ ഹാഷ്മിയാണ് ദോഹയിൽ നടന്ന പ്രതിവാര വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം ആക്രമണങ്ങളുടെ ഏറ്റവും വലിയ ആഘാതം അമേരിക്കയ്ക്കോ ഇസ്രായേലിനോ ആയിരിക്കില്ലെന്നും ഇറാൻ ഉൾപ്പെടെയുള്ള മേഖലയിലെ രാജ്യങ്ങൾക്കായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൾഫ് ജലാശയങ്ങളിൽ നിന്ന് നേരിട്ട് പ്രയോജനം ലഭിക്കാത്ത രാജ്യങ്ങളെക്കാൾ ഈ മേഖലയിലെ ജനങ്ങൾക്കായിരിക്കും പ്രത്യാഘാതങ്ങൾ കൂടുതൽ അനുഭവിക്കേണ്ടിവരികയെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

ഹോർമുസ് കടലിടുക്കിലെ ജലവിഭവങ്ങളെ മേഖലയിലെ രാജ്യങ്ങൾ ജലസേചനം, ഉപ്പ് ഉൽപ്പാദനം, മത്സ്യബന്ധനം തുടങ്ങിയ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നുണ്ട്. ഇവിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ജലസുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാമെന്നും അൽ ഹാഷ്മി മുന്നറിയിപ്പ് നൽകി.

അമേരിക്കയുമായി വീണ്ടും യുദ്ധമുണ്ടായാൽ മേഖലയിലുടനീളമുള്ള ഇന്റർനെറ്റ് കേബിളുകൾ, ഡാറ്റാ സെന്ററുകൾ, കൃത്രിമബുദ്ധി (AI) സംവിധാനങ്ങൾ എന്നിവ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് ഇറാൻ സുരക്ഷാ മേധാവി മൊഹ്‌സെൻ റെസായി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തറിന്റെ പ്രതികരണം.

അതേസമയം, യമനിലെ ചെങ്കടൽ തീരമേഖലകളിൽ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നീക്കങ്ങളും കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന ഡിജിറ്റൽ ശൃംഖലകളുടെ സുരക്ഷയാണ് ഇതോടെ വീണ്ടും ചർച്ചയാകുന്നത്.

ആഗോള ഇന്റർനെറ്റ് ഗതാഗതത്തിന്റെ ഗണ്യമായൊരു ഭാഗം കടന്നുപോകുന്ന ബാബ് അൽ മൻദബ് കടലിടുക്കുൾപ്പെടെയുള്ള മേഖലകളിലും സംഘർഷം തുടരുകയാണ്. യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും ഹൂതികളും തമ്മിലുള്ള പോരാട്ടം ഈ നിർണായക സമുദ്രപാതകളുടെയും കടലിനടിയിലെ കേബിളുകളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കുന്നു.

ഹോർമുസ് കടലിടുക്കിലെ സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കവും ഡിജിറ്റൽ ബന്ധങ്ങൾക്കപ്പുറം മേഖലയിലെ ജലവിഭവങ്ങളെയും ഉപജീവനമാർഗങ്ങളെയും ബാധിക്കാമെന്നതാണ് ഖത്തറിന്റെ മുന്നറിയിപ്പിന്റെ കാതൽ.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക   :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos