'അന്ന് ഞാനും കുടുംബവും അനുഭവിച്ച മാനസിക വിഷമത്തിന് കാലം കാത്തുവെച്ച കാവ്യനീതി' :ടോമിൻ തച്ചങ്കരിയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച് ഖത്തറിലെ പ്രവാസി മലയാളി
2009-ൽ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻറെ വീട് എന്ന പേരിൽ പ്രചരിച്ച ഒരു ചിത്രം ഒരു ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തതിന്റെ പേരിൽ, ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ക്രൂരമായ വേട്ടയാടലാണ് താനും കുടുംബവും നേരിട്ടതെന്ന് ഷാൻ പറഞ്ഞു.
ഷാൻ ഖത്തറിലായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവമുണ്ടായത്.കല്ലമ്പലത്തെ വീട്ടിൽ സ്ത്രീകൾ മാത്രമുള്ളപ്പോൾ പൊലീസിനെ വിട്ട് റെയ്ഡ് നടത്തുകയും പ്രായമായ അമ്മയെ ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തിയതായും ഷാൻ പറഞ്ഞു.സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം,2010 മാർച്ചിൽ ഖത്തറിലെത്തിയ തച്ചങ്കരി, ദോഹയിലെ റമദാ ഹോട്ടലിലേക്ക് ഷാനെ വിളിച്ചുവരുത്തി നാട്ടിൽ വന്ന് പൊലീസിന് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.തച്ചങ്കരി പറഞ്ഞതനുസരിച്ച്, അഭിഭാഷകനുമായി സംസാരിച്ച ശേഷം ഷാൻ നാട്ടിലേക്ക് പോവുകയായിരുന്നു.എന്നാൽ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി ദോഹയിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പോലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയുന്നത്.തുടര്‍ന്ന് കോടതിയെ സമീപിച്ച് ജാമ്യം നേടുകയായിരുന്നു. പിന്നീട് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് ശേഷം ഹൈക്കോടതി കേസ് പൂർണ്ണമായി റദ്ദാക്കുകയും ഷാനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
ഒരു ഇമെയിൽ ഫോർവേഡ് ചെയ്തതിന്റെ പേരിൽ നിയമപരമായ സാധാരണ നടപടിക്രമങ്ങൾക്ക് പകരം,അതിനെ രാഷ്ട്രീയ ലാഭത്തിനും വ്യക്തിപരമായ പ്രീതിപ്പെടുത്തലുകൾക്കും വേണ്ടി ടോമിൻ തച്ചങ്കരി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ഷാൻ പറയുന്നു.ഗൾഫിൽ ജോലി ചെയ്തു കുടുംബം പോറ്റുന്ന ഒരു സാധാരണക്കാരന്റെ ഭാവി പോലും അദ്ദേഹം പരിഗണിച്ചില്ലെന്നും തന്റെ ജീവിതം വെച്ച് പന്താടാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ഷാൻ ശംസുദ്ധീൻ ആരോപിച്ചു.
'ഇന്ന് അയാൾ നീതിപീഠത്തിന് മുന്നിൽ ശിക്ഷിക്കപ്പെടുമ്പോൾ,അന്ന് ഞാനും എന്റെ കുടുംബവും നേരിട്ട അപമാനത്തിനും മാനസിക വിഷമങ്ങൾക്കും കാലവും നിയമവും നൽകിയ കൃത്യമായ മറുപടിയാണിത്.സത്യം ജയിക്കും,അതെത്ര വൈകിയാലും'-ഷാൻ പറഞ്ഞു.വർഷങ്ങളായി ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ഷാൻ ശംസുദ്ധീൻ.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4