Advertisement
Qatar

ഏഷ്യൻ അണ്ടർ-19 ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരെ തകർത്തെറിഞ്ഞ് ഖത്തർ സെമിയിൽ

Published: August 29, 2026

അമ്മാൻ: ജോർദാനിൽ നടക്കുന്ന ഏഷ്യൻ പുരുഷ അണ്ടർ-19 ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചതോടെ,2027-ലെ അണ്ടർ-19 ലോക ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിന് ഖത്തർ യോഗ്യത നേടി.ഏഷ്യൻ കിരീടപ്പോരാട്ടത്തിന്റെ  ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ  ആതിഥേയരായ ജോർദാനെ 33-13 എന്ന കൂറ്റൻ സ്കോറിന് തകർത്താണ് ഖത്തർ അവസാന നാലിൽ ഇടംപിടിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ പൂർണ്ണ ആധിപത്യം പുലർത്തിയ ഖത്തർ, ആദ്യ പകുതിയിൽ തന്നെ 16-4 എന്ന ശക്തമായ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം പകുതിയിലും ഇതേ മികവ് തുടർന്ന ഖത്തർ ടീം, എതിരാളികൾക്ക് തിരിച്ചുവരാൻ ഒരവസരവും നൽകാതെ ലീഡ് വർദ്ധിപ്പിച്ച് തകർപ്പൻ വിജയം ഉറപ്പാക്കുകയായിരുന്നു.

ശനിയാഴ്ച(ഇന്ന്) നടക്കുന്ന ഒന്നാം സെമിഫൈനലിൽ ദക്ഷിണ കൊറിയയാണ് ഖത്തറിന്റെ എതിരാളികൾ. ക്വാർട്ടർ ഫൈനലിൽ കുവൈത്തിനെ 36-28 എന്ന സ്കോറിന് കീഴടക്കിയാണ് ദക്ഷിണ കൊറിയ സെമി ടിക്കറ്റ് എടുത്തത്.

ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ഖത്തർ ഗ്രൂപ്പ് ബിയിൽ കളിച്ച മുഴുവൻ മത്സരങ്ങളും ജയിച്ച് 8 പോയിന്റോടെയാണ് ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യ (30-22), കുവൈറ്റ് (30-19), ഇറാൻ (24-22), സിറിയ (42-29) എന്നിവർക്കെതിരെ ഖത്തർ വിജയിച്ചിരുന്നു. തോൽവിയറിയാതെയുള്ള ഈ മിന്നുന്ന വിജയക്കുതിപ്പ് ഫൈനലിലും തുടർന്ന് കിരീടം സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യം.

2027 ജൂലൈ 29 മുതൽ ഓഗസ്റ്റ് 9 വരെ നോർത്ത് മാസിഡോണിയയിലാണ് പന്ത്രണ്ടാമത് ഐഎച്ച്എഫ് (IHF) പുരുഷ യൂത്ത് (അണ്ടർ-19) ലോക ചാമ്പ്യൻഷിപ്പ് നടക്കുക.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement