ഖത്തറിലെ 31 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ ഫ്ലൂ വാക്സിൻ ലഭ്യമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം
പകർച്ചവ്യാധി പ്രതിരോധത്തിന്റെ അടിസ്ഥാന ഘടകമായ വാക്സിനേഷൻ പല ഘട്ടങ്ങളിലും ആവശ്യമായി വന്നേക്കും.സീസണൽ ഇൻഫ്ലുവൻസ വാക്സിനുകൾക്കൊപ്പം, ദേശീയ രോഗപ്രതിരോധ പരിപാടിക്ക് അനുസൃതമായി, യാത്ര, ഹജ്ജ്, ഉംറ എന്നിവയ്ക്കുള്ള പതിവ് പ്രതിരോധ കുത്തിവയ്പ്പുകളും വാക്സിനേഷനുകളും PHCC-യിൽ ലഭ്യമാണ്.
വിവിധ പ്രായത്തിലുള്ളവരെ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ ക്യാമ്പെയ്‌നുകളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും പ്രതിരോധ കുത്തിവയ്പ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പി.എച്ച്.സി.സി (PHCC)-യുടെ പ്രിവന്റീവ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഹമദ് അൽ-മുദഹ്ക പറഞ്ഞു.വാക്സിനേഷനെക്കുറിച്ചുള്ള അവബോധം വളർത്തേണ്ടതിന്റെയും, വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിൽ അതിനുള്ള പങ്കിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല (MMR), ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻ ചുമ (പെർട്ടുസിസ്), പോളിയോ, ഹെപ്പറ്റൈറ്റിസ് ബി, ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV), ന്യൂമോകോക്കൽ രോഗം, കോവിഡ്-19, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV), മെനിംഗോകോക്കൽ രോഗം എന്നിവയ്‌ക്കെതിരായ വാക്സിനുകൾ ഉൾപ്പെടെ വിപുലമായ വാക്സിനുകൾ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമാണ്. പ്രായം, ആരോഗ്യസ്ഥിതി, ഓരോ വ്യക്തിക്കും നേരിടേണ്ടി വന്നേക്കാവുന്ന ആരോഗ്യപരമായ അപകടസാധ്യതകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഒരാൾക്ക് ഏതെല്ലാം വാക്സിനുകൾ ആവശ്യമാണെന്ന് തീരുമാനിക്കുന്നത്.
കുട്ടികൾക്കുള്ള പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ, ക്ഷയം, വൈറൽ ഹെപ്പറ്റൈറ്റിസ്, പോളിയോ, റോട്ടവൈറസ്, ന്യൂമോകോക്കൽ രോഗം, ചിക്കൻപോക്സ്, അഞ്ചാംപനി തുടങ്ങിയ നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. നിർദ്ദേശിക്കപ്പെട്ട ഡോസുകൾ കുട്ടികൾക്ക് കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.അതേസമയം, ഒരു ഡോസ് എടുക്കാൻ വിട്ടുപോവുകയോ വൈകുകയോ ചെയ്തതുകൊണ്ട് പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കാനുള്ള അവസരം നഷ്ടപ്പെടുന്നു എന്നർത്ഥമില്ല. കുട്ടികളുടെ പ്രായവും മുൻപ് ലഭിച്ച കുത്തിവയ്പ്പുകളുടെ വിവരങ്ങളും അടിസ്ഥാനമാക്കി, വിട്ടുപോയ ഡോസുകൾ നൽകാൻ 'ക്യാച്ച്-അപ്പ്' (catch-up) പ്രതിരോധ കുത്തിവയ്പ്പ് പദ്ധതികൾ മതിയാകുമെന്നും അധികൃതർ വ്യക്തമാക്കി.
എങ്ങനെ ലഭ്യമാകും ?
ഖത്തറിലുടനീളമുള്ള PHCC ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യമായി ലഭ്യമാണ്. സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട അപ്പോയിന്റ്മെന്റ് നടപടിക്രമങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെക്കുറിച്ചും മനസിലാക്കാൻ അതാത് ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക