Advertisement
Qatar

ശുഭയാത്ര,ഖത്തറിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നവർക്കുള്ള സുരക്ഷാ മാർഗനിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

Published: August 03, 2026
ദോഹ : വേനലാവധി ആഘോഷിക്കാൻ ഖത്തറിൽ നിന്ന് പുറത്തേക്ക് യാത്രചെയ്യുന്നവർക്കുള്ള സുരക്ഷാ മാർഗനിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം (MOI). വീട് പൂട്ടി പോകുന്നതിന് മുമ്പ് തങ്ങളുടെ വൈദ്യുത കണക്ഷനുകൾ പരിശോധിക്കാനും, ആവശ്യമില്ലാത്ത ഉപകരണങ്ങളുടെ പ്ലഗ് ഊരിമാറ്റാനും മന്ത്രാലയം നിർദേശിച്ചു. കേടുപാടുകൾ സംഭവിച്ച ഉപകരണങ്ങൾ ഉണ്ടെങ്കിൽ യാത്രയ്ക്ക് മുമ്പ്  അറ്റകുറ്റപ്പണി നടത്താനും ശ്രദ്ധിക്കണം.

റോഡ് മാർഗം യാത്ര ചെയ്യുന്നവർ, വഴിമധ്യേ വാഹനം തകരാറിലായി യാത്ര മുടങ്ങുന്നത് ഒഴിവാക്കാൻ വാഹനത്തിന്റെ ടയറുകൾ, എൻജിൻ കൂളിംഗ് സിസ്റ്റം, ഇലക്ട്രിക്കൽ വയറിംഗ് എന്നിവ പരിശോധിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.കുട്ടികളുമൊത്തുള്ള കുടുംബയാത്രകളിൽ, വാഹനത്തിനുള്ളിൽ കുട്ടികളെ ഒരിക്കലും ഒറ്റയ്ക്ക് വിട്ടുപോകരുതെന്നും പൊതുസ്ഥലങ്ങളിൽ അവരെ എപ്പോഴും കാഴ്ചപരിധിയിൽത്തന്നെ നിർത്തണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

നീന്തൽക്കുളങ്ങളിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ, കുട്ടികളെ എപ്പോഴും ഒരു മുതിർന്ന വ്യക്തിയുടെ മേൽനോട്ടത്തിൽ മാത്രം നിർത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. കൂടാതെ, കുട്ടികൾ അവരുടെ പ്രായത്തിന് അനുയോജ്യമായ നീന്തൽ കുളങ്ങളിൽ മാത്രമേ ഇറങ്ങുന്നുള്ളൂ  എന്ന് മുതിർന്നവർ ഉറപ്പാക്കണം. ആവശ്യമുള്ളപ്പോൾ ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഓൺലൈനായി ബുക്കിംഗ് നടത്തുന്നതിന് മുൻപ് ബുക്കിംഗ് ലിങ്കുകളും യാത്രാ ഓഫറുകളുടെ ആധികാരികതയും പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും  വിശ്വസനീയമല്ലാത്തവരുമായി വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ ഒരിക്കലും പങ്കിടരുതെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

യാത്രയ്ക്ക് മുൻപ് ഔദ്യോഗിക രേഖകൾ കാലികമാണെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം യാത്രക്കാരെ ഓർമ്മിപ്പിച്ചു; 'മെട്രാഷ്' (Metrash) ആപ്പ് വഴി എല്ലാ യാത്രാ സംബന്ധമായ നടപടികളും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos