Advertisement
Qatar

ഖത്തർ കെ.എം.സി.സി മോഷണക്കേസ്,വിനയായത് സംഘടനയിലെ ചേരിപ്പോരും കൊള്ളമുതൽ പങ്കുവെക്കുന്നതിലെ തർക്കങ്ങളും :പുതിയ കമ്മറ്റിക്കായുള്ള ചർച്ചകൾ സജീവം

Published: October 25, 2026
ദോഹ : ഖത്തർ കെ.എം.സി.സി ഓഫീസിൽ ലോക്കർ കുത്തിത്തുറന്ന് കോടികൾ മോഷ്ടിച്ച സംഭവത്തിൽ നാണക്കേടിലായ നേതാക്കൾ,സംഘടനയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചർച്ചകൾ തുടങ്ങി.പുതിയ കമ്മറ്റി നിലവിൽ വന്നാലും സാധാരണക്കാരായ അണികളുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ കഴിയുമോ എന്ന ആശങ്കകൾ തുടരുന്നതിനിടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ എന്ന തരത്തിലുള്ള ചർച്ചകൾ സജീവമാകുന്നത്.അതേസമയം,നിലവിലെ സംസ്ഥാന കൗൺസിൽ അംഗവും സ്പോർട്സ് വിങ് ചെയർമാനുമായ റൊട്ടാന റസാഖിന് പുറമെ,നേതൃത്വത്തിലെ മറ്റു ചിലരുടെയും അറിവോടെയാണ് മോഷണം നടന്നതെന്ന സംശയവും അണികൾക്കിടയിൽ സജീവമാണ്.നിലവിലെ കെ.എം.സി.സി പ്രസിഡണ്ടുമായി റൊട്ടാന റസാഖിന് ഉണ്ടായിരുന്ന അടുത്ത ബന്ധമാണ് ഇതിനുള്ള കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്.

വിവാദമായ മോഷണക്കേസിന് പിന്നാലെ, ദോഹയിലെ തുമാമയിൽ പ്രവർത്തിച്ചിരുന്ന കെ.എം.സി.സി ഓഫീസ് മാസങ്ങൾക്ക് മുമ്പ് പ്രവർത്തനം അവസാനിപ്പിച്ച് കെട്ടിടം ഒഴിഞ്ഞുകൊടുത്തിരുന്നു.ഇനി,പുതിയ കമ്മറ്റി രൂപീകരിച്ച് മറ്റൊരു ആസ്ഥാനം കണ്ടെത്തി പ്രവർത്തനം തുടങ്ങിയാലും സംഘടനക്ക് പഴയത് പോലെ പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുമോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്.കമ്മറ്റിക്കുള്ളിലെ അധികാരത്തർക്കങ്ങളും ഭാരവാഹിത്വത്തിന് വേണ്ടിയുള്ള ചരടുവലികളും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ ഇടയാക്കിയാൽ അതും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് തടസ്സമാവും.
  • സമൂഹമാധ്യമങ്ങളിൽ 'ട്രെൻഡിങ്'
ഖത്തർ കെ.എം.സി.സി മോഷണക്കേസുമായി ബന്ധപ്പെട്ട വാർത്തകളും സമൂഹമാധ്യമ ഇടപെടലുകളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി 'ട്രെൻഡിങ്' ആയി തുടരുന്നത് ഖത്തർ പോലീസും അന്വേഷണ സംഘവും ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.വാർത്തയുമായി ബന്ധപ്പെട്ട എല്ലാ തലക്കെട്ടുകളിലും ഖത്തറിന്റെ പേര് കൂടി ഉൾപ്പെടുന്നതാണ് ഇതിന് കാരണം.അതുകൊണ്ടുതന്നെ സംഭവവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന 'കാക്കച്ചി കമറുദ്ധീൻ' ദോഹയിൽ തന്നെയുണ്ടെങ്കിലും മോഷണത്തിൽ കൂട്ടുപങ്കാളിയാണെന്ന സംശയത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ റൊട്ടാന റസാഖ് ഉൾപെടെയുള്ളവർ ഖത്തറിൽ നിന്ന് ഇതിനോടകം പുറത്തേക്ക് രക്ഷപ്പെട്ടിട്ടുണ്ട്.

ഇതിന് പുറമെ,കെ.എം.സി.സി പോലെ വർഷങ്ങളായി ഗൾഫ് മേഖലയിൽ ഉൾപെടെ മികച്ചരീതിയിൽ സാമൂഹ്യ-ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഒരു സംഘടനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന അധിക്ഷേപങ്ങൾ വിശാലമായ അർത്ഥത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ കിട്ടിയ അവസരം പരമാവധി മുതലെടുക്കാൻ ഇടതുപക്ഷ-ബി.ജെ.പി അനുകൂലികളും മറ്റു ചില മുസ്‌ലിം സംഘടനകളും നടത്തിവരുന്ന ശ്രമങ്ങൾ പ്രവാസി സമൂഹത്തെ ദോഷകരമായി ബാധിക്കും.
  • കൊള്ളമുതൽ പങ്കുവെക്കുന്നതിലെ തർക്കങ്ങളും സംഘടനക്കുള്ളിലെ ചേരിപ്പോരും
ഖത്തർ കെ.എം.സി.സി നേതാക്കൾക്കിടയിൽ വർഷങ്ങളായി നിലനിൽക്കുന്ന ഗ്രൂപ്പിസവും ചേരിപ്പോരുമാണ് പ്രശ്നത്തെ ഇത്രത്തോളം വഷളാക്കിയതെന്ന് ചിന്തിക്കുന്ന നിരവധി പേർ  ആ സംഘടനയ്ക്കുള്ളിൽ തന്നെ നിരവധിയുണ്ട്.നിലവിൽ ഇരുപതിനായിരത്തിന് മുകളിൽ അംഗങ്ങളുള്ള സംഘടനയുടെ അധികാരം കൈപ്പിടിയിലാക്കാനും അതുവഴി കേരളത്തിലെ മുസ്ലിംലീഗിൽ സ്വാധീനമുറപ്പിക്കാനും നടത്തുന്ന ഇത്തരം ചേരിപ്പോരുകൾ പലപ്പോഴും പൊതുസമൂഹത്തിലും ചർച്ചയാവാറുണ്ട്.2023-ൽ നടന്ന സംഘടനാ  തെരഞ്ഞെടുപ്പോടെയാണ് ഇത് സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ ചർച്ചയായത്.അതുവരെ ഖത്തറിലോ നാട്ടിലോ പൊതുമധ്യത്തിൽ ഒട്ടും അറിയപ്പെടാതിരുന്ന ഒരു വ്യവസായിയുടെ നേതൃത്വത്തിലുള്ള വിഭാഗം അധികാരത്തിലെത്തിയതോടെ അണികൾക്കിടയിലും വലിയ രീതിയിൽ അസംതൃപ്തി ഉടലെടുക്കുകയായിരുന്നു.ഇപ്പോഴത്തെ വിവാദങ്ങൾ ഈ അധികാരമാറ്റത്തിന്റെ പരിണിതഫലമാണെന്ന് വിലയിരുത്തുന്നവരാണ് കൂടുതലും.അതേസമയം,അന്ന് ഈ വിഭാഗത്തിനൊപ്പം നിന്ന ചിലർ തന്നെ,'മോഷണക്കേസ്' പുറത്തുകൊണ്ടുവരാൻ ശ്രമിച്ചവരെന്ന പേരിൽ 'ക്രെഡിറ്റ്' ഉണ്ടാക്കി അധികാരം കയ്യടക്കാൻ ഇപ്പോൾ ശക്തമായ ചരടുവലികൾ തുടങ്ങിയതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
  • കീഴടങ്ങിയ പ്രതിയുടെ വെളിപ്പെടുത്തലും 'കൊള്ളമുതലിലെ' വീതംവെപ്പ് തർക്കങ്ങളും
സംഭവം നടന്ന്  ഒരു വർഷത്തോളം കവർച്ച പുറംലോകമറിയാതെ മൂടിവെക്കപ്പെട്ടെങ്കിലും വിയ്യൂർ പരപ്പിൽ ബാലകൃഷ്ണൻ എന്ന പ്രാദേശിക ബി.ജെ.പി നേതാവ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്.സൗജന്യ വിസയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് ബോംബെ ഷാജി എന്ന പയ്യോളി സ്വദേശി ഷാജഹാൻ തന്നെ ഖത്തറിലെത്തിച്ചതായും 2025 സെപ്റ്റംബർ 18ന് പുലർച്ചെ നാലുമണിക്ക് ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ ഉപയോഗിച്ച് ലോക്കർ പൊട്ടിച്ചു എന്നുമായിരുന്നു ബാലകൃഷ്ണൻ പൊലീസിന് മുമ്പാകെ മൊഴി കൊടുത്തത്.തന്നെ ഭീഷണിപ്പെടുത്തിയാണ് ഈ ജോലി ചെയ്യിച്ചതെന്നും വെറും 50,000 രൂപയുടെ റിയാലും പാസ്‌പോർട്ടും കൈയിൽ തന്ന് തന്നെ നാടുകടത്തുകയായിരുന്നുവെന്നും ബാലകൃഷ്ണൻ പോലീസിനോട് പറഞ്ഞു.ജീവൻ അപകടത്തിലാകുമെന്ന ഭയമാണ് ഒടുവിൽ കീഴടങ്ങാൻ നിര്ബന്ധിച്ചതെന്നുമായിരുന്നു ബാലകൃഷ്ണന്റെ മൊഴി.എന്നാൽ,ഈ മൊഴി കള്ളമാണെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് പുറത്തുവന്ന പല ശബ്ദരേഖകളും.മാപ്പു സാക്ഷിയാവാൻ 50 ലക്ഷം വരെ ഓഫർ ലഭിച്ചിട്ടുണ്ടെന്നും ഒരു കോടി രൂപ കിട്ടിയില്ലെങ്കിൽ പോലീസിൽ കീഴടങ്ങി എല്ലാം തുറന്നുപറയുമെന്നുമുള്ള ഭീഷണി നടക്കാതെ വന്നപ്പോഴാണ് ഇയാൾ ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.ഇതിനിടെ,ബോംബെ ഷാജിയും കാക്കച്ചി റസാഖും തമ്മിലുള്ള ശബ്ദ സന്ദേശങ്ങളും പുറത്തുവന്നതോടെ ക്രൈം ത്രില്ലർ സിനിമകളെ പോലും വെല്ലുന്ന മോഷണ കഥ ഒന്നൊന്നായി പുറത്തുവരികയായിരുന്നു.
????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719


 

YOU MAY LIKE

View All Qatar
Advertisement