Advertisement
Qatar

ഖത്തർ കെ.എം.സി.സി കവർച്ചക്കേസ്:റൊട്ടാന റസാഖിനെ പാർട്ടിയിൽനിന്ന് പുറത്താക്കി

Published: October 24, 2026
കോഴിക്കോട്: ഖത്തർ കെ.എം.സി.സി ഓഫിസിലെ സ്ട്രോങ് റൂം തകർത്ത് 31 ലക്ഷം റിയാൽ (ഏകദേശം എട്ട് കോടി രൂപ) കവർന്ന കേസുമായി ബന്ധപ്പെട്ട് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം പ്രവർത്തകനായ റസാഖ് കുന്നുമ്മൽ എന്ന റൊട്ടാന റസാഖിനെ മുസ്‌ലിം ലീഗ് പുറത്താക്കി. പാർട്ടിയിൽനിന്നും കെ.എം.സി.സിയിൽനിന്നും പുറത്താക്കിയതായി ലീഗ് നേതൃത്വം അറിയിച്ചു. കേസിലെ പ്രതിയായ ബാലകൃഷ്ണൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.

2025 സെപ്റ്റംബർ 18നാണ് ഖത്തറിലെ അൽ തുമാമയിലുള്ള കെ.എം.സി.സി ഓഫിസിലെ സ്ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് 31 ലക്ഷം റിയാൽ കവർന്നത്. കേസിൽ ആകെ ആറുപേരാണ് പ്രതികളായുള്ളത്. ഇതിൽ ഒരാളായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണൻ കഴിഞ്ഞദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. ഇയാൾ നിലവിൽ കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡിലാണ്.

ഇൻഡസ്ട്രിയൽ വർക്കറായ ബാലകൃഷ്ണൻ ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂം തകർത്താണ് പണം കവർന്നതെന്നാണ് കേസ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇയാൾ ബിജെപി സ്ഥാനാർഥിയായിരുന്നു. കേസിൽ ഇനി അഞ്ചുപേരെക്കൂടി പിടികൂടാനുണ്ട്. ബോംബെ ഷാജി, റാഷി, ബാവ എന്ന സാലിഹ്, മമ്മാലി എന്ന ഹസൻ, നിസാർ എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതായും സൂചനയുണ്ട്.
  • ആരോപണങ്ങൾ നിഷേധിച്ച് റൊട്ടാന റസാഖ്
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ റൊട്ടാന റസാഖ് നിഷേധിച്ചു. കേസിലെ പ്രതികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

തന്റെ പേര് പറഞ്ഞ കൊയിലാണ്ടി സ്വദേശിയെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്നാണ് റസാഖിന്റെ വിശദീകരണം. കാണാത്ത ഒരാൾ തന്നെ കണ്ടതായി മൊഴി നൽകുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കരുതുന്നതെന്നും സത്യം ഒരുനാൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
  • ശബ്ദസന്ദേശങ്ങളും അന്വേഷണപരിധിയിൽ
കവർച്ചയ്ക്കുശേഷം പ്രതികൾ തമ്മിൽ കൈമാറിയതായി പറയപ്പെടുന്ന ശബ്ദസന്ദേശങ്ങളും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. കെ.എം.സി.സിയുമായി ബന്ധപ്പെട്ട ചിലർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. കവർച്ചയിൽ പങ്കെടുത്തവർക്ക് വാഗ്ദാനം ചെയ്ത വിഹിതം ലഭിച്ചില്ലെന്ന സൂചനകളും ശബ്ദസന്ദേശങ്ങളിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ബോംബെ ഷാജിയും കമറുദ്ദീൻ പയ്യോളിയും തമ്മിലുള്ള സംഭാഷണങ്ങളും അറസ്റ്റിലായ ബാലകൃഷ്ണനുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഈ ശബ്ദസന്ദേശങ്ങളുടെ ഉള്ളടക്കവും അവയുടെ ആധികാരികതയും അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
  • ക്വട്ടേഷൻ സംഘത്തിന് പിന്നിലുള്ളവരിലേക്കും അന്വേഷണം
കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനൊപ്പം ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. കെ.എം.സി.സിയുമായി ബന്ധപ്പെട്ടവരുടെ പങ്കും പരിശോധിക്കുന്നുണ്ട്. കേസിൽ സംഘടനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമോയെന്നതും നിർണായകമാണ്.

പ്രവാസികളുടെ ക്ഷേമപദ്ധതികൾക്കായി സ്വരൂപിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇത്തരം ഫണ്ടുകൾ ബാങ്കുകളിൽ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ഓഫിസിൽ പണം സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം. പണം സൂക്ഷിച്ചിരുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്.

ഖത്തറിലെ നിയമനടപടികളുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സംഭവത്തിൽ കോഴിക്കോട് റൂറൽ പൊലീസിൽ പരാതി നൽകിയതെന്നാണ് വിവരം. കേസിൽ കൂടുതൽ പ്രതികളെ പിടികൂടുന്നതും കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതും അന്വേഷണത്തിലെ നിർണായക ഘട്ടങ്ങളാകും.

????വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
????ഇൻസ്റ്റഗ്രാം :https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

 

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos